ലക്ഷദ്വീപ് ഭരണ പരിഷ്‌കാരങ്ങൾക്കെതിരായ ഹർജികളിൽ ഇടപെടാതെ ഹൈക്കോടതി. കരട് നിയമത്തിൽ എതിർപ്പറിയിക്കാൻ മതിയായ സമയം ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി സമർപ്പിച്ചത്. പരാതിക്കാരന് കേന്ദ്രസർക്കാരിനെ സമീപിക്കാമെന്ന് കോടതി നിർദേശിച്ചു.
ഭരണപരിഷ്‌കാരങ്ങൾ സംബന്ധിച്ച കരട് നിയമത്തിൽ എതിർപ്പറിയിക്കാൻ മുപ്പത് ദിവസമാണ് സാധാരണയായി അനുവദിക്കേണ്ടത്. പക്ഷേ 20 ദിവസം മാത്രമാണ് ലക്ഷദ്വീപ് ഭരണകൂടം അനുവദിച്ചത്. ലോക്ക്ഡൗൺ സാഹചര്യമായതിനാൽ നടപടിക്രമങ്ങളിൽ പങ്കെടുക്കുന്നതിന് കഴിഞ്ഞില്ലെന്നും ഹർജിക്കാരൻ പറഞ്ഞിരുന്നു. ലക്ഷദ്വീപ് വിഷയം നയപരമായ വിഷയമാണെന്നും കോടതിക്ക് ഇടപെടാൻ സാധിക്കില്ലെന്നും കേന്ദ്രസർക്കാർ ചൂണ്ടിക്കാട്ടി.