വാക്‌സിൻ ബോധവൽക്കരണങ്ങളെല്ലാം വിഫലമായതോടെ പതിനെട്ടാമത്തെ അടവ് പയറ്റാനുള്ള ശ്രമത്തിലാണിപ്പോള്‍ ഉത്തർപ്രദേശ് ഭരണകൂടം. ഇനിമുതൽ വാക്‌സിനെടുക്കാത്തവർക്ക് മദ്യം ലഭിക്കില്ലെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. ഉത്തരവ് പ്രാബല്യത്തിൽ വന്നതിനു പിറകെ മദ്യഷാപ്പുകളിൽ അധികൃതർ പരിശോധന ആരംഭിച്ചിട്ടുണ്ട്. മദ്യഷാപ്പിനുമുന്‍പിലെ വരിയിലുള്ള വാക്‌സിനെടുക്കാത്തവരെ അധികൃതർ തിരിച്ചയച്ചു. വാക്‌സിനെടുക്കാത്തവർക്ക് മദ്യം നൽകരുതെന്നും ഉത്തരവ് കർശനമായി പാലിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. വാക്‌സിനേഷൻ കാർഡ് ഹാജരാക്കിയാൽ മാത്രമേ മദ്യം നൽകാൻ പാടുള്ളൂ എന്നാണ് നിർദേശം.
ഉത്തർപ്രദേശിലെ തന്നെ ഫിറോസാബാദ് ജില്ലയിൽ സർക്കാർ ജീവനക്കാരും വാക്‌സിനേഷനോട് വിമുഖത കാണിക്കുന്നുണ്ടെന്നാണ് വ്യക്തമാകുന്നത്. ഇവിടെ ഈ മാസം മുതൽ വാക്‌സിനെടുക്കാത്ത ഉദ്യോഗസ്ഥർക്ക് ശമ്പളം ലഭിക്കില്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചിരിക്കുകയാണ്. ഉത്തരവ് കൃത്യമായി പാലിക്കാൻ ബന്ധപ്പെട്ട സർക്കാർ വകുപ്പുകൾക്കു കർശന നിർദേശം നൽകുകയും ചെയ്തിട്ടുണ്ട്.