ഫേസ്ബുക്കിലേതു പോലെ മൈക്രോ-ബ്ലോഗിങ് പ്ലാറ്റ്ഫോമായ ട്വിറ്ററിലും റിയാക്ഷൻ ബട്ടണുകൾ വരുമെന്ന് റിപ്പോർട്ടുകൾ. സോഷ്യൽ മീഡിയ ഗവേഷകയായ ജെയ്ൻ മാൻചും വോങാണ് ഇതു സംബന്ധിച്ച് ട്വീറ്റ് ചെയ്തത്. ഫേസ്ബുക്കിലേതിനു സമാനമായി “Likes”, “Cheer”, “Hmm”, “Sad”, “Haha” റിയാക്ഷനുകളാണ് ട്വിറ്ററിൽ വരികയെന്നും അവര്‍ വ്യക്തമാക്കി.
ഇതോടെ ട്വീറ്റുകൾക്ക് വ്യത്യസ്ത പ്രതികരണങ്ങൾ അറിയിക്കാനാകും. നിലവിൽ ഹൃദയചിഹ്നത്തോടെയുള്ള ‘ലൈക്ക്’ ബട്ടണുകൾ മാത്രമാണ് ട്വിറ്ററിലുള്ളത്. 2016ലാണ് സോഷ്യല്‍ മീഡിയ ഭീമനായ ഫേസ്ബുക്ക് റിയാക്ഷന്‍ ബട്ടണുകള്‍ അവതരിപ്പിച്ചത്. ട്വിറ്ററിന്‍റെ “Sad”, “Haha” റിയാക്ഷനുകൾ ഫേസ്ബുക്കിലേതു പോലെ തന്നെയായിരിക്കുമെന്നാണ് വിവരം. “Cheer”, “Hmm” റിയാക്ഷനുകൾ വ്യത്യസ്തമായിരിക്കും. ദേഷ്യം പ്രകടിപ്പിക്കാനുള്ള ‘angry’ റിയാക്ഷൻ ഉൾപ്പെടുത്തില്ല.