കോവിഡിനെത്തുടർന്ന് മൃതദേഹങ്ങൾ കൂട്ടമായി ഗംഗ നദിയിലടക്കം തള്ളുന്നതിനെക്കുറിച്ച് ഉത്തർപ്രദേശ് ഭരണകൂടത്തിന് അറിവുണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തൽ. കേന്ദ്ര സർക്കാരിനോടാണ് യുപി സർക്കാർ വൃത്തം ഇക്കാര്യം സമ്മതിച്ചത്. ഗംഗയിൽ മൃതദേഹങ്ങൾ തള്ളുന്നത് നേരത്തെയും പതിവുള്ളതാണെന്നും ഇത് സർക്കാരിന് അറിയുന്നതാണെന്നുമാണ് ഇദ്ദേഹം കേന്ദ്രത്തെ അറിയിച്ചത്.
കോവിഡിനുമുൻപും കിഴക്കൻ യുപിയിലെ ബനാറസ്, ഗാസിപൂർ മേഖലകളിലും മധ്യ യുപിയിലെ കാൺപൂർ-ഉന്നാവോ ഭാഗങ്ങളിലും മൃതദേഹങ്ങൾ പുഴയിൽ തള്ളുന്ന പതിവുണ്ടെന്ന് രജ്‌നീഷ് ദുബെ യോഗത്തിൽ സമ്മതിച്ചു. എന്നാൽ, 71 മൃതദേഹങ്ങൾ യുപിയുടെ ഭാഗത്തുനിന്ന് ഗംഗയിലൂടെ ഒഴുകിവന്നതായി ബിഹാർ പ്രതിനിധി യോഗത്തിൽ പറഞ്ഞു. തുടർന്നും ഇത്തരത്തിൽ ഒഴുകിവരുന്ന മൃതദേഹങ്ങൾ തടയാൻ നദിയിൽ വലകെട്ടിയിരിക്കുകയാണെന്നും ബിഹാർ ഗ്രാമീണ വികസന പ്രിൻസിപ്പൽ സെക്രട്ടറി ആനന്ദ് കിഷോർ അറിയിച്ചു. എന്നാൽ, ഇതേക്കുറിച്ചുള്ള കൃത്യമായ കണക്ക് യുപി പ്രതിനിധി വെളിപ്പെടുത്തിയിട്ടില്ല.
കേന്ദ്ര ജലശക്തി മന്ത്രാലയം സെക്രട്ടറി പങ്കജ് കുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന യുപി, ബിഹാർ സർക്കാർ പ്രതിനിധികളുടെ യോഗത്തിലായിരുന്നു ഇത്. ‘ക്ലീൻ ഗംഗാ’ ദേശീയ ദൗത്യത്തിന്റെ പുരോഗതി വിലയിരുത്താനായായിരുന്നു യോഗം വിളിച്ചുചേർത്തത്. യോഗത്തിൽ ഉത്തർപ്രദേശ് സർക്കാരിനെ പ്രതിനിധീകരിച്ച് ഗ്രാമീണ വികസന അഡീഷനൽ ചീഫ് സെക്രട്ടറി രജ്‌നീഷ് ദുബെ ആണു പങ്കെടുത്തത്.