ഈ വര്‍ഷം തന്നെ രാജ്യത്തെ മുഴുവനാളുകള്‍ക്കും വാക്‌സിന്‍ ലഭ്യമാക്കും; പ്രകാശ് ജാവദേക്കര്‍

ഈ വര്‍ഷം ഡിസംബറിനകം രാജ്യത്തെ മുഴുവനാളുകള്‍ക്കും വാക്‌സിന്‍ ലഭ്യമാക്കുമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍. വാക്‌സിന്‍ ലഭ്യമാക്കുന്നതില്‍ കേന്ദ്രസര്‍ക്കാറിന് വീഴചയുണ്ടായതായി രാഹുല്‍ ഗാന്ധി ആരോപിച്ചിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു കേന്ദ്രമന്ത്രി. രാജ്യത്തെ 130 കോടി ജനങ്ങളില്‍ വെറും മൂന്ന് ശതമാനത്തിന് മാത്രമാണ് വാക്‌സിന്‍ ലഭിച്ചതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു.

കോവിഡ് പ്രതിരോധം സംബന്ധിച്ച് കേന്ദ്രത്തിനെതിരായ രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം കോണ്‍ഗ്രസ് ടൂള്‍കിറ്റിന്റെ ഭാഗമാണെന്നും ജാവദേക്കര്‍ ആരോപിച്ചു. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ വാക്‌സിന്‍ കൃത്യമായി ലഭിക്കുന്നുണ്ടോയെന്ന് നോക്കുകയാണ് രാഹുല്‍ ഗാന്ധി ചെയ്യേണ്ടതെന്ന് ജാവദേക്കര്‍ പറഞ്ഞു.

18-44 വയസില്‍ പെട്ടവര്‍ക്കുള്ള വാക്‌സിന്‍ വിഹിതം മെയ് ഒന്നിന് തന്നെ ലഭ്യമാക്കിയെങ്കിലും ബി.ജെ.പി ഇതര കക്ഷികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങള്‍ അത് ഉപയോഗിച്ചിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കോവിഡ് രണ്ടാം തരംഗത്തിന് പ്രധാന ഉത്തരവാദി പ്രധാനമന്ത്രിയാണെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചിരുന്നു. പ്രധാനമന്ത്രിക്ക് ഇതുവരെ കോവിഡ് എന്താണെന്ന് കൃത്യമായി മനസിലായിട്ടില്ലെന്നും രാഹുല്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *