കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി, സൗദിയിൽ നിര്‍ത്തിവെച്ചിരുന്ന വിനോദ പരിപാടികള്‍ നിയന്ത്രങ്ങളോടെ പുനരാരംഭിക്കാന്‍ അനുവദിച്ചതായി ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റിയുടെ അറിയിപ്പ്. എല്ലാവരുടേയും സുരക്ഷ ഉറപ്പുവരുത്തുന്നതിനായി ചില പ്രോട്ടോക്കോളുകള്‍ക്കനുസൃതമായി വിനോദ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുമെന്ന് അതോറിറ്റി ചെയര്‍മാന്‍ തുര്‍ക്കി അല്‍ ശൈഖ് തന്റെ ട്വീറ്റില്‍ അറിയിച്ചു. വിനോദ പരിപാടികള്‍ നടക്കുന്ന വേദികളില്‍ ഉള്‍കൊള്ളാന്‍ കഴിയുന്ന ആളുകളുടെ 40 ശതമാനം മാത്രമേ പ്രവേശനം അനുവദിക്കാവൂ.
പങ്കെടുക്കുന്നവര്‍ രാജ്യത്ത് അംഗീകരിച്ച കോവിഡ് വാക്സിനേഷന്‍ പൂര്‍ത്തിയാക്കിയവരും തവക്കല്‍ന മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി ഇതിന്റെ തെളിവ് ഹാജരാക്കേണ്ടതുമുണ്ട്. വാക്സിനേഷന്‍ നിര്‍ബന്ധമാക്കിയതോടൊപ്പം തന്നെ മാസ്കുകളും സാമൂഹിക അകലവും ഉള്‍പ്പെടെയുള്ള മുന്‍കരുതലുകളും ആവശ്യമാണ്. മാസ്ക് ശരിയായി ധരിക്കാതിരിക്കുക, കുറഞ്ഞത് ഒന്നര മീറ്റര്‍ ദൂരമെങ്കിലും ആളുകള്‍ തമ്മിലുള്ള സാമൂഹിക അകലം പാലിക്കാതിരിക്കുക തുടങ്ങിയ വീഴ്ചകള്‍ വരുത്തുന്നവരെ വിനോദ വേദികളില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ല തുടങ്ങിയ നിയന്ത്രണങ്ങളോടെയാണ് ഇളവ് അനുവദിക്കുക.