കേരള നിയമസഭയിൽ ആർ.എം.പി പ്രതിനിധിയായി അക്കൗണ്ട് തുറന്ന കെ.കെ രമ, നിയമസഭയിലെ ബാഡ്ജ് വിവാദത്തിൽ പ്രതികരണവുമായി രംഗത്ത്. ബാഡ്ജ് ധരിച്ചതിന് എതിരെയുള്ള പരാതി രാഷ്ട്രീയപ്രേരിതമാണെന്നും, ഇക്കാര്യത്തിൽ ലഭിച്ച പരാതി എ.കെ.ജി സെന്ററില്‍ നിന്നുള്ള നിര്‍ദേശ പ്രകാരം കൊടുത്ത പരാതി ആയേക്കാമെന്നും. സ്പീക്കര്‍ പരിശോധിച്ച് ഇക്കാര്യത്തില്‍ തീരുമാനം എടുക്കട്ടേയെന്നും നിലപാട് വ്യക്തമാക്കിയിരിക്കുകയാണ്.
ഭർത്താവും, ആർ.എം.പി നേതാവുമായ ടി.പി ചന്ദ്രശേഖരന്റെ ചിത്രമടങ്ങിയ ബാഡ്ജ് ധരിച്ചായിരുന്നു നിയമസഭയില്‍ കെ.കെ രമയുടെ സത്യപ്രതിജ്ഞ. സംഭവം ചര്‍ച്ചയായതിന് പിന്നാലെ ജനതാദള്‍ എസ് തിരുവനന്തപുരം ജില്ല സെക്രട്ടറി ടിപി പ്രേംകുമാര്‍ സ്പീക്കര്‍ക്ക് പരാതി നല്‍കിയിരുന്നു. രമയുടെ നടപടി സഭയിലെ അംഗങ്ങളുടെ പെരുമാറ്റ ചട്ടത്തിന് എതിരാണെന്നായിരുന്നു പരാതി. ഇക്കാര്യം പരിശോധിക്കുമെന്ന് സ്പീക്കര്‍ എം.ബി രാജേഷ് വ്യക്തമാക്കിയതിനെക്കുറിച്ചായിരുന്നു കെ.കെ രമയുടെ പ്രതികരണം.