വാക്സിനെടുത്താല്‍ മരിക്കുമെന്നത് വ്യാജവാര്‍ത്തയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കുപ്രചരണങ്ങൾക്ക് വിധേയരായി കോവിഡ് വാക്സിനെടുക്കാതിരിക്കുന്ന അവസ്ഥയുണ്ടാകരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിൽ ആദ്യഘട്ടത്തിൽ വാക്സിനെടുത്ത 60 വയസിന് മുകളിലുള്ളവർക്കിടയില്‍ രണ്ടാം തരംഗത്തിൽ രോഗവ്യാപനം കുറഞ്ഞത് വാക്സിനേഷൻ ഫലപ്രദമാണെന്നതിന്‍റെ തെളിവാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
മനുഷ്യര്‍ വലിയൊരു പ്രതിസന്ധി നേരിടുന്ന ഘട്ടത്തില്‍ ഇത്തരം ദുഷ്പ്രചാരണങ്ങള്‍ നടത്തുന്നത് നീതീകരിക്കാനാവാത്ത കുറ്റമാണ്. അതു മനസ്സിലാക്കി, ഇത്തരം സന്ദേശങ്ങൾ പ്രചരിപ്പിക്കാതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കണം. അത്തരം പ്രചരണങ്ങൾക്ക് നേതൃത്വം നൽകുന്നവരെ നിയമപരമായി നേരിടുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പു നൽകി.
വാക്സിനെടുത്താൽ രണ്ടു വർഷത്തിനകം മരണപ്പെടുമെന്ന ഒരു വ്യാജ വാർത്ത സാമൂഹ്യമാധ്യമങ്ങളിലും ഓൺലൈൻ മാധ്യമങ്ങളിലും വ്യാപകമായി പ്രചരിക്കുന്നുണ്ട്. അത് പരിപൂർണമായും വ്യാജമാണെന്ന് ആ പ്രസ്താവന നൽകിയതായി വാർത്തയിൽ പറയുന്ന ശാസ്ത്രജ്ഞൻ തന്നെ വെളിപ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.