എഴുത്തുകാരിയും പ്രശസ്ത സാമൂഹ്യശാസ്ത്ര ഗവേഷകയുമായ ഡോ. കെ. ശാരദാമണി അന്തരിച്ചു

പ്രമുഖ സാമൂഹ്യശാസ്ത്രജ്ഞയും എഴുത്തുകാരിയുമായ ഡോ.ശാരദാമണി(93) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് തിരുവനന്തപുരം അമ്പലമുക്കിലെ വസതിയിൽ വച്ച് കഴിഞ്ഞ ദിവസം പുലർച്ചയോടെയായിരുന്നു അന്ത്യം. സംസ്കാരച്ചടങ്ങുകൾ നടന്നു.

ചരിത്രം, ജെന്‍ഡര്‍, കീഴാളപഠനങ്ങള്‍ തുടങ്ങി വിവിധ വിഷയങ്ങളിൽ സമഗ്ര പഠനം നടത്തി, ഗ്രന്ഥങ്ങൾ എഴുതി. എമേർജൻസ് ഓഫ് എ സ്ലേവ് കാസ്റ്റ്, പുലയാസ് ഓഫ് കേരള, വുമൻ ഇൻ പാഡി കൾട്ടിവേഷൻ; എ സ്റ്റഡി ഇൻ കേരള, തമിഴ്നാട് ആൻഡ് വെസ്റ്റ് ബംഗാൾ, മാട്രിലിനി ട്രാൻസ്ഫോംഡ്: ഫാമിലി ലോ ആൻഡ് ഐഡിയോളജി ഇൻ ട്വന്റീത് സെഞ്ചുറി ട്രാവൻകൂർ, ‘സ്ത്രീ, സ്ത്രീവാദം, സ്ത്രീവിമോചനം’, ‘മാറുന്ന ലോകം, മാറ്റുന്നതാര്’, ഇവർ വഴികാട്ടികൾ എന്നിവയാണ് പ്രമുഖ രചനകൾ.

’92-ാം വയസിലും തളരാത്ത സമരാവേശം’ എന്ന് വിശേഷിപ്പിച്ച് ശാരദാമണിയുടെ ഒരു ചിത്രം കഴിഞ്ഞ വർഷം പ്രചാരം നേടിയിരുന്നു. മോദി ഭരണത്തിനെതിരായ സമരത്തിൽ പങ്കാളിയായി ചുവന്ന തൊപ്പി ധരിച്ചിരിക്കുന്ന ശാരദാമണിയുടെ ചിത്രം പങ്കുവച്ചത് വി.ശിവൻകുട്ടിയായിരുന്നു. ‘മോദി ഭരണത്തിനെതിരായ സമരത്തിൽ പങ്കാളിയായ പ്രമുഖ സാമൂഹ്യ ശാസ്ത്രജ്ഞ ഡോ.കെ. ശാരദാമണി 92 വയസ്സിലും തളരാത്ത സമരാവേശം ഞങ്ങൾക്ക് കരുത്ത് പകരുന്നു അഭിവാദ്യങ്ങൾ’ എന്നായിരുന്നു ചിത്രത്തിനൊപ്പം അദ്ദേഹം കുറിച്ചത്.

രാജ്യം കണ്ട ഏറ്റവും മികച്ച സാമൂഹ്യശാസ്ത്രജ്ഞരിൽ ഒരാളായിരുന്നു ശാരദാമണി. അഭിപ്രായങ്ങൾ വെട്ടിത്തുറന്ന് പറ‍ഞ്ഞ് അനീതികൾക്കെതിരെ നിരന്തരം ചോദ്യം ഉന്നയിച്ച ഇവർ, കാലിക വിഷയങ്ങള്‍ സംബന്ധിച്ച് നിരവധി ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇംഗ്ലീഷിലും മലയാളത്തിലുമായി വിവിധ വിഷയങ്ങളിൽ ലേഖനങ്ങൾ പ്രസിദ്ധീകരിച്ചു. രാ​ജ്യ​ത്തി​ന​ക​ത്തും പു​റ​ത്തു​മു​ള്ള നിര​വ​ധി സെ​മി​നാ​റു​ക​ളി​ൽ പ്ര​ബ​ന്ധ​ങ്ങ​ളും അവ​ത​രി​പ്പി​ച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *