ജനുവരി 17 ന് ബെലഗാവിയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ നടന്ന റാലിക്കിടെ മാസ്ക് ധരിക്കാനും സാമൂഹിക അകലം പാലിക്കാനുമുള്ള കൊവിഡ് പ്രോട്ടോക്കോളുകൾ ലംഘിച്ചതിന് ഒരു എഫ്.ഐ.ആർ. പോലും രജിസ്റ്റർ ചെയ്യാത്തതിന് കർണാടക ഹൈക്കോടതി ബെലഗാവി പോലീസ് കമ്മീഷണറെ ചോദ്യം ചെയ്തു.
മാസ്ക് ധരിക്കാതെയും സാമൂഹ്യ അകലം പാലിക്കാതെയുമാണ് ആളുകള്‍ റാലിയില്‍ പങ്കെടുത്തത്. അഭയ് ശ്രീനിവാസ് ഓഖ ചീഫ് ജസ്റ്റിസും സൂരജ് ഗോവിന്ദരാജ് ജസ്റ്റിസുമായ ഡിവിഷന്‍ ബെഞ്ചിന്‍റേതാണ് ചോദ്യം.
ദേശീയ മനുഷ്യാവകാശ സംരക്ഷണ, അഴിമതി, കുറ്റകൃത്യ നിയന്ത്രണ കമ്മീഷന്‍ ട്രസ്റ്റിന്‍റെ പൊതുതാല്‍പര്യ ഹര്‍ജിയിലാണ് പൊലീസിനെതിരെ കോടതിയുടെ രൂക്ഷ വിമര്‍ശനം എത്തുന്നത്. വളരെ സാധാരണ സംഭവമെന്ന പോലെയാണ് പൊലീസ് കമ്മീഷണര്‍ പെരുമാറിയതെന്നും പുറത്തുവന്ന ചിത്രങ്ങളിലുള്ളവരില്‍ നിന്നായി 20900 രൂപ പിഴയും ശേഖരിക്കുക മാത്രമാണ് പൊലീസ് ചെയ്തതെന്നും കോടതി കുറ്റപ്പെടുത്തി.
സംഭവത്തില്‍ ബിജെപി നേതാക്കള്‍ക്കെതിരെ കേസ് എടുക്കാത്തതിലാണ് പൊലീസിന് കോടതിയുടെ വിമര്‍ശനം. ജൂണ്‍ 3നകം പുതിയ സത്യവാങ്മൂലം നല്‍കാനാണ് കോടതി പൊലീസ് കമ്മീഷണറോട് നിര്‍ദ്ദേശിച്ചിരിക്കുന്നത്.