കൊടകര കുഴൽപ്പണ കേസ്; ബിജെപി ആലപ്പുഴ ജില്ലാ ട്രഷറർ കെജി കർത്തയെ ചോദ്യം ചെയ്തു

കൊടകര കുഴൽപ്പണക്കേസിൽ ബിജെപി ആലപ്പുഴ ജില്ലാ ട്രഷറർ കെ ജി കർത്തയെ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്തു. കൃത്യമായ തെളിവുകൾ ലഭിക്കുന്ന പക്ഷം കേസിൽ ഇടപെടണോ എന്നാലോചിക്കാമെന്ന് ഇഡി പറഞ്ഞു. തത്കാലം കുഴൽപ്പണക്കേസ് അന്വേഷിക്കേണ്ടതില്ലെന്ന് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് തീരുമാനിച്ചു.

തൃശൂരിൽ നിന്നെത്തിയ പ്രത്യേക അന്വേഷണസംഘം കർത്തയെ വിളിച്ചുവരുത്തിയാണ് ചോദ്യം ചെയ്തത്. ചോദ്യംചെയ്യൽ മൂന്നര മണിക്കൂർ നീണ്ടു.ഇതിനിടെ കേസിലെ ആറാം പ്രതി മാർട്ടിന്റെ വീട്ടിൽ നിന്നും ഒൻപത് ലക്ഷം രൂപ പ്രത്യേക അന്വേഷണ സംഘം കണ്ടെടുത്തു. വീട്ടിലെ മെറ്റൽ കൂനയ്ക്കുള്ളിൽ സൂക്ഷിച്ച നിലയിലായിരുന്നു പണം. മൂന്നരക്കോടി രൂപയാണ് കാറിൽ ഉണ്ടായിരുന്നതെന്നാണ് ധർമരാജന്റെ മൊഴി. ഒരു കോടിയിൽ അധികം രൂപ കണ്ടെത്തി. ബാക്കി തുക കണ്ടെത്തുന്നതിനുള്ള അന്വേഷണം പുരോഗമിക്കുകയാണ്. കേസിൽ പങ്കില്ലെന്ന് ഇന്നലെ ഓൺലൈനായി ചേർന്ന ജില്ലാ പ്രസിഡന്റുമാരുടെ യോഗത്തിൽ ബിജെപി നേതൃത്വം വിശദീകരിച്ചു. ചോദ്യം ചെയ്യലിന് വിളിപ്പിച്ച സംഘടനാ സെക്രട്ടറി എം ഗണേശന് നേതൃത്വം പൂർണ പിന്തുണ നൽകി.

തുക കർത്തയക്ക് കൈമാറാനായിരുന്നു നിർദേശമെന്നാണ് ധർമരാജന്റെ മൊഴി. ധർമ്മരാജനുമായി നിരന്തരമായി നടത്തിയ ഫോൺ സംഭാഷണങ്ങളിൽ അസ്വാഭാവികമായി ഒന്നുമില്ലെന്നാണ് കർത്തയുടെ മൊഴി. എന്നാൽ ഈ മൊഴിയിൽ വൈരുദ്ധ്യമുണ്ടെന്നാണ് പൊലീസ് കണ്ടെത്തൽ.

Leave a Reply

Your email address will not be published. Required fields are marked *