ലോക്ക്ഡൗണിനെ മറികടക്കാന്‍ വിമാനത്തില്‍ കല്യാണം നടത്തി പുലിവാലു പിടിച്ചു മധുരയിലെ നവദമ്പതികള്‍

ലോക്ക്ഡൗണിനെ മറികടക്കാന്‍ വിമാനത്തില്‍ കല്യാണം നടത്തി പുലിവാലു പിടിച്ചു മധുരയിലെ നവദമ്പതികള്‍. വിവാഹ ചടങ്ങുകളില്‍ പത്തുപേര്‍ക്കു പങ്കെടുക്കാനാണ് നിലവില്‍ തമിഴ്‌നാട്ടില്‍ സര്‍ക്കാരിന്റെ അനുമതി. മധുരയിലെ രാജേഷെന്ന യുവാവ് നിയന്ത്രണം മറിടക്കാന്‍ കണ്ട മറുവഴിയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായതിനു പിറകെ കേസായത്.

167 ബന്ധുക്കളെയും വധു ദക്ഷിണയെയും കൂട്ടി ഞായറാഴ്ച രാവിലെ ഏഴുമണിയോടെമധുര വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്നു. ടേക്ക് ഓഫ് കഴിഞ്ഞു മിനിറ്റുകള്‍ക്കകം വിമാനം മധുര മീനാക്ഷി കോവിലിന് മുകളിലെത്തി. താഴെ ദേവിയെയും വിമാനത്തില്‍ പ്രിയപെട്ടവരെയും
സാക്ഷിയാക്കി രാജേഷ് ദക്ഷിണയെ മിന്നുകെട്ടി.ദമ്പതികള്‍ക്കെതിരെ പൊലീസും വിമാന കമ്പനിക്കെതിരെ ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനും അന്വേഷണം തുടങ്ങി. പൈലറ്റിനെയും മറ്റുജീവനക്കാരെയും താല്‍കാലികമായി ജോലിയില്‍ നിന്ന് നീക്കി.

കോവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍പറത്തിയുള്ള ആകാശക്കല്യാണത്തിന്റെ ദൃശ്യങ്ങള്‍ വൈറലായതോടെ സംഭവം വിവാദമായി. വ്യോമയാന രംഗത്തെ നിയമങ്ങള്‍ ലംഘിച്ചതിനെ കുറിച്ചു ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ സ്‌പൈസ് ജെറ്റിനോടു വിശദീകരണം തേടി. പൈലറ്റടക്കമുള്ള ജോലിക്കാരെ മാറ്റിനിര്‍ത്താന്‍ നിര്‍ദേശിച്ചു. യാത്രക്കിടെ വിമാനത്തില്‍ വീഡിയോഗ്രഫി അനുവദിച്ചത് കമ്പനിക്കു കുരുക്കായി.

Leave a Reply

Your email address will not be published. Required fields are marked *