മലേഷ്യയിൽ മെട്രോ ട്രെയിനുകൾ കൂട്ടിയിടിച്ച് 200ലധികം പേർക്ക് പരുക്ക്. രാത്രി 8.45ഓടെയാണ് അപകടം ഉണ്ടായത്. കൂട്ടിയിടിച്ച ട്രെയിനുകളിലൊന്ന് കാലിയായിരുന്നു. ഈ ട്രെയിൻ 213 യാത്രക്കാരുമായി യാത്ര ചെയ്യുകയായിരുന്ന മറ്റൊരു ട്രെയിനുമായി കൂട്ടിയിടിക്കുകയായിരുന്നു. കൊലാലംപൂരിലെ പെട്രോണാസ് ഇരട്ട ഗോപുരത്തിനരികെയുള്ള ഭൂഗർഭ ടണലിലാണ് സംഭവം.
പരുക്കേറ്റവരിൽ 47 പേർക്ക് ഗുരുതര പരുക്കാണ്. അപകടത്തെപ്പറ്റി അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു. കൺട്രോൾ സെൻ്ററിൽ നിന്നുണ്ടായ ആശയവിനിമയത്തിലെ തകരാറാണ് അപകടത്തിനു കാരണമായതെന്നാണ് പ്രാഥമിക നിഗമനം.