ആധുനിക വൈദ്യശാസ്ത്രം വിഡ്ഢിത്തം നിറഞ്ഞതാണെന്ന ബാബ രാംദേവിന്‍റെ പ്രസ്താവനയ്ക്കതിരെ രൂക്ഷവിമര്‍ശനവുമായി ഓസ്‌കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി. ആധുനിക വൈദ്യ ശാസ്ത്രത്തെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള പ്രസ്താവനകള്‍ നടത്തിയതിന്‍റെ പേരില്‍ ഐ.എം.എ നേരത്തെ രാംദേവിന് ലീഗല്‍ നോട്ടീസ് അയച്ചിരുന്നു. മഹാമാരിക്കാലത്ത് നിസ്വാര്‍ത്ഥ സേവനം കാഴ്ചവെയ്ക്കുന്ന ഡോക്ടര്‍മാരും ആരോഗ്യപ്രവര്‍ത്തകരും ഉള്‍പ്പെടെയുള്ളവരെ ഒരു യോഗ്യതയുമില്ലാത്തയാള്‍ വിമര്‍ശിക്കുന്നത് അനുവദിക്കാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു. സമൂഹമാധ്യമങ്ങളിലൂടെയായിരുന്നു റസൂല്‍ പൂക്കുട്ടിയുടെ വിമര്‍ശനം.
തന്‍റെ പ്രസ്താവനകള്‍ രാംദേവ് പിന്‍വലിക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍ നിര്‍ദേശിച്ചിട്ടുണ്ട്. സ്വന്തം ജീവന്‍ പണയം വെച്ച് മറ്റുള്ളവരുടെ ജീവന്‍ രക്ഷിക്കാനായി മഹാമാരിക്കെതിരെ പോരാടുന്ന കോവിഡ് പോരാളികളെ മാത്രമല്ല, രാജ്യത്തെ പൗരന്മാരെ കൂടിയാണ് രാംദേവിന്റെ വാക്കുകള്‍ അപമാനിക്കുന്നത്. അലോപ്പതി ചികിത്സ നിരവധി പേരെ രക്ഷിച്ചിട്ടുണ്ട്. രാംദേവിന്റെ വാക്കുകള്‍ ദൗര്‍ഭാഗ്യകരമാണെന്നും ഹര്‍ഷവര്‍ധന്‍ പ്രതികരിച്ചു.