ലക്ഷദ്വീപിലെ പുതിയ അഡ്മിനിസ്‌ട്രേറ്ററുടെ ഏകാധിപത്യ നയങ്ങൾക്കും സംഘ്പരിവാർ നീക്കങ്ങൾക്കുമെതിരെ പ്രതിഷേധം ശക്തമാവുകയാണ്. സിപിഎം, കോൺഗ്രസ്, മുസ്‍ലിം ലീഗ് നേതാക്കൾ പുതിയ നീക്കങ്ങളിൽ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ലക്ഷദ്വീപ് ജനതയെ ശ്വാസം മുട്ടിക്കുന്ന പുതിയ അഡ്മിനിസ്‌ട്രേറ്റർ പ്രഫുൽ പട്ടേലിനെ തിരിച്ചുവിളിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം രാജ്യസഭാ കക്ഷി നേതാവ് എളമരം കരീം എംപി രാഷ്ട്രപതിക്ക് കത്തെഴുതി. ദ്വീപിലെ ഇപ്പോഴുള്ള ഈ കേന്ദ്ര സർക്കാർ നീക്കങ്ങൾക്കു പിന്നിൽ സംഘപരിവാരത്തിന്റെ അജണ്ടകളാണെന്ന് കോൺഗ്രസ് നേതാക്കളായ ടിഎൻ പ്രതാപൻ, വിടി ബൽറാം, മുസ്‍ലിം ലീഗ് ദേശീയ സെക്രട്ടറി ഇടി മുഹമ്മദ് ബഷീർ എംപി എന്നിവർ ആരോപിച്ചു.
രാഷ്ട്രീയ പ്രതികാരത്തിനായി ലക്ഷദ്വീപ് ജനതയെ ശ്വാസംമുട്ടിക്കുന്ന അഡ്മിനിസ്‌ട്രേറ്ററെ തിരിച്ചുവിളിക്കണമെന്ന് ആവശ്യപ്പെട്ട് എളമരം കരീം എംപി രാഷ്ട്രപതിക്ക് കത്തുനൽകി. 99 ശതമാനവും മുസ്‌ലിംകൾ ജീവിക്കുന്ന ദ്വീപിൽ തദ്ദേശീയരായ ജനങ്ങളുടെ പരമ്പരാഗത ജീവിതത്തെയും വിശ്വാസങ്ങളെയും അട്ടിമറിക്കുന്ന തരത്തിലുള്ള പരിഷ്‌കാരങ്ങളും നിയന്ത്രണങ്ങളുമാണ് പുതിയ അഡ്മിനിസ്‌ട്രേറ്റർ പ്രഫുൽ പട്ടേൽ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്.