കൊവിഡിനെതിരേയുള്ള പോരാട്ടത്തിനും പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോവുകയായിരുന്നു കുടുംബശ്രീ. പേമാരി കാലത്തും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചതും കുടുംബശ്രീ പ്രവർത്തനങ്ങളിലായിരുന്നു. 2020-21 സാമ്പത്തിക വര്‍ഷം വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നെകിലും കുടുംബശ്രീ നേട്ടം കൊഴിയുകയായിരുന്നു. നിരവധി ശ്രദ്ധേയമായ നേട്ടങ്ങള്‍ 2020-21 സാമ്പത്തിക വര്‍ഷം കൈവരിക്കാന്‍ കുടുംബശ്രീയ്ക്ക് കഴിഞ്ഞു.
കൊവിഡ് മഹാമാരിയുടെ തീവ്രതയേറിയ ഘട്ടത്തില്‍ ഉപജീവന ദൗത്യമെന്ന നിലയിലേക്ക് കുടുംബശ്രീ വളര്‍ന്നു. 50,000ത്തിലേറെ സ്വയം തൊഴിലവസരങ്ങളാണ് കുടുംബശ്രീ മുഖേന സൃഷ്ടിച്ചത്. സൂക്ഷ്മ സംരംഭങ്ങള്‍ കൂടാതെ 63,999 കുടുംബശ്രീ കൃഷി സംഘങ്ങളുടെ ഭാഗമായ കര്‍ഷകര്‍ കാര്‍ഷികവൃത്തിയില്‍ സജീവമായി സര്‍ക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതിക്ക് മികച്ച പിന്തുണയുമേകി.
2020-21 സാമ്പത്തിക വര്‍ഷത്തില്‍ 1007 ജനകീയ ഹോട്ടലുകളാണ് കുടുംബശ്രീയുടെ ആരംഭിച്ചത്. ഈ ഹോട്ടലുകളുകളില്‍ നിന്ന് ദിവസേന ഒന്നര ലക്ഷത്തോളം പേര്‍ക്കാണ് 20 രൂപയുടെ ഉച്ചയൂണ് നല്‍കി വരുന്നത്. കുടുംബശ്രീ മുഖേന നടപ്പിലാക്കിയ മുഖ്യമന്ത്രിയുടെ സഹായ ഹസ്തം വായ്പാ പദ്ധതി മുഖേന കൊവിഡ് പ്രതിസന്ധിയില്‍പ്പെട്ട 25.17 ലക്ഷം കുടുംബങ്ങള്‍ക്ക് 1917.55 കോടി രൂപ പലിശരഹിത വായ്പയായും ലഭ്യമാക്കി.