പത്തനംതിട്ട ഡി.സി.സി അടിയന്തരമായി പിരിച്ചുവിടണമെന്ന ആവശ്യവുമായി ഒരു വിഭാഗം നേതാക്കള്‍ നേതൃത്വത്തെ സമീപിച്ചു. ജില്ലയിലെ കനത്ത പരാജയത്തില്‍ ഡി.സി.സി പ്രസിഡന്റിനെതിരെയാണ് ആരോപണങ്ങള്‍ ഉയരുന്നത്. സംസ്ഥാനത്ത് യു.ഡി.എഫ് സംപൂജ്യരായ ഏക ജില്ലയില്‍ ഉടനടി അഴിച്ച് പണി വേണമെന്നാണ് ആവശ്യം.
തുടര്‍ച്ചയായി രണ്ടാം തവണയും യു.ഡി.എഫിന് ഏറ്റുവാങ്ങേണ്ടി വന്ന കനത്ത പരാജയത്തില്‍ ആഭ്യന്തരകലാപം രൂക്ഷം. ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷന്‍ ബാബു ജോര്‍ജിനെതിരെ ചേരി തിരിഞ്ഞാണ് നേതാക്കളുടെ ആരോപണം. തെരഞ്ഞെടുപ്പ് ഫലം വന്നയുടന്‍ ഡിസിസി പ്രസിഡന്റിന്റെ രാജി പ്രഖ്യാപനത്തില്‍ പ്രതീക്ഷ അര്‍പ്പിച്ചവര്‍ അത് സംഭവിക്കാതെ വന്നതോടെയാണ് വീണ്ടും നേതൃമാറ്റമെന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്.