കോവിഡ് ബാധിച്ച് മരിച്ച ഭാര്യയുടെ മൃതദേഹവുമായി ഭര്‍ത്താവ് കടന്നു

കോവിഡ് ബാധിച്ച് മരിച്ച ഭാര്യയുടെ മൃതദേഹവുമായി യുവാവ് ആശുപത്രിയിൽനിന്ന് കടന്നുകളഞ്ഞു. ആശുപത്രി അധികൃതരുടെ പരാതിയില്‍ പോലീസ് യുവാവിനെ കണ്ടെത്തി മൃതദേഹം തിരികെയെത്തിക്കുകയായിരുന്നു. മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലാണ് സംഭവം. ഇയാള്‍ക്കെതിരെ പകർച്ചവ്യാധി നിയമപ്രകാരം കേസെടുത്തതായും പോലീസ് പറഞ്ഞു.

ഏപ്രിൽ 23നാണ് ഇയാളുടെ ഭാര്യയെ കോവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയിലിരിക്കെ തിങ്കളാഴ്ച രാവിലെ യുവതി മരിച്ചു. കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് മൃതദേഹം സംസ്കരിക്കാനുള്ള തയ്യാറെടുപ്പുകൾ ആരംഭിക്കാനിരിക്കെ ഭർത്താവ് തർക്കമുണ്ടാക്കുകയായിരുന്നു.

ഗെവ്റായി സ്വദേശിയായ 38കാരനാണ് ഭാര്യയുടെ മൃതദേഹവുമായി കോവിഡ് ആശുപത്രിയിൽനിന്ന് കടന്നത്. ഇയാൾക്കൊപ്പം ബന്ധുക്കളായ മൂന്നുപേരും സഹായത്തിനുണ്ടായിരുന്നു.

മൃതദേഹം തങ്ങൾക്ക് വിട്ടുതരണമെന്നും നാട്ടിലെത്തിച്ച് സംസ്കരിക്കണമെന്നുമായിരുന്നു യുവാവിന്‍റെ ആവശ്യം. രണ്ടു ദിവസം മുമ്പു നടത്തിയ ആന്‍റിജൻ പരിശോധനയിൽ ഭാര്യ നെഗറ്റീവാണെന്നും അതിനാൽ മൃതദേഹം വിട്ടുനൽകണമെന്നും യുവാവ് പറഞ്ഞു. എന്നാൽ കോവിഡ് പ്രോട്ടോക്കോൾ പ്രകാരം മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിക്കാനാകില്ലെന്നും വിട്ടുനൽകാനാവില്ലെന്നും ആശുപത്രി അധികൃതർ അറിയിച്ചു. തുടര്‍ന്നാണ് യുവാവ് ഭാര്യയുടെ മൃതദേഹവുമായി ആശുപത്രിയിൽനിന്ന് കടന്നുകളഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *