വാട്‌സ്ആപ്പിന് നോട്ടീസ് നൽകി കേന്ദ്രം; പുതിയ സ്വകാര്യതാ നയം പിൻവലിക്കണം

പുതിയ സ്വകാര്യതാ നയം പിൻവലിക്കണമെന്ന് വാട്‌സ്ആപ്പിനോട് വീണ്ടും നിർദേശവുമായി കേന്ദ്രം.ഇക്കാര്യം അറിയിച്ച് മന്ത്രാലയം വാട്‌സ്ആപ്പിന് നോട്ടീസ് അയച്ചിട്ടുണ്ട്. ഏഴു ദിവസത്തിനകം മറുപടി നൽകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. സമയപരിധിക്കുള്ളിൽ തൃപ്തികരമായ മറുപടി ലഭിച്ചില്ലെങ്കിൽ മറ്റു നടപടികളിലേക്കു കടക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി.

സമയപരിധി മെയ് 15ൽനിന്ന് നീട്ടിയതു കൊണ്ടുമാത്രം വിവര സ്വകാര്യത, വിവര സുരക്ഷ, ഉപയോക്താക്കളുടെ തിരഞ്ഞെടുപ്പ് എന്നിവയുമായി ബന്ധപ്പെട്ടുള്ള രാജ്യത്തെ നിയമങ്ങളിൽനിന്ന് വാട്‌സ്ആപ്പിന് രക്ഷപ്പെടാനാകില്ലെന്ന് കേന്ദ്ര വിവരസാങ്കേതികവിദ്യാ മന്ത്രാലയം വ്യക്തമാക്കി.വാട്‌സ്ആപ്പ് സ്വകാര്യതാ നയം സംബന്ധിച്ച കേസിൽ ഡൽഹി ഹൈക്കോടതിയിൽ വിചാരണ നടന്നുവരുന്നുണ്ട്. കോടതിയിലും സമാനമായ നിലപാടാണ് മന്ത്രാലയം സ്വീകരിച്ചിട്ടുള്ളത്.

വാട്‌സ്ആപ്പിന്റെ ‘സ്വകാര്യതാ നയം 2021’ ഇന്ത്യൻ പൗരന്മാരുടെ അവകാശങ്ങളെയും താൽപര്യങ്ങളെയും ഹനിക്കുന്നതാണെന്ന് മന്ത്രാലയം പറഞ്ഞു. വിവര സ്വകാര്യത, വിവര സുരക്ഷ, ഉപയോക്തൃ തിരഞ്ഞെടുപ്പ് തുടങ്ങിയ മൂല്യങ്ങളെ പുതിയ നയം മാനിക്കുന്നില്ല. അതിനാൽ, നയം പിൻവലിക്കുകയാണ് വേണ്ടതെന്ന് മന്ത്രാലയം അറിയിച്ചു.

ഇന്ത്യക്കും യൂറോപ്പിനും രണ്ടുതരത്തിൽ സ്വകാര്യതാനയം നടപ്പാക്കിയ വാട്‌സ്ആപ്പിന്റെ ഇരട്ടത്താപ്പിനെ മന്ത്രാലയം ചോദ്യം ചെയ്തു. നിരവധി ഇന്ത്യക്കാരാണ് ദൈനംദിന ആശയവിനിമയത്തിനായി വാട്‌സ്ആപ്പിനെ ആശ്രയിക്കുന്നത്. യൂറോപിൽനിന്നു വ്യത്യസ്തമായി ഇന്ത്യൻ ഉപയോക്താക്കൾക്കെതിരെ അന്യായമായ നിബന്ധനകളും വ്യവസ്ഥകളും അടിച്ചേൽപിക്കുന്നത് പ്രശ്‌നകരം മാത്രമല്ല, നിരുത്തരവാദപരവുമാണെന്നും നോട്ടീസിൽ കുറ്റപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *