പ്രയാഗ്‌രാജില്‍ ഗംഗാതീരത്ത് മൃതദേഹങ്ങള്‍ മണലില്‍ കുഴിച്ചിട്ട നിലയില്‍

ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിലും ​മണലിൽ കുഴിച്ചിട്ട നിലയിൽ നിരവധി മൃതദേഹങ്ങള്‍ കണ്ടെത്തി.ശക്തമായ കാറ്റില്‍ മണല്‍ നീങ്ങുമ്പോഴാണ് അഴുകിത്തുടങ്ങിയ മൃതദേഹങ്ങള്‍ പുറത്തുവരുന്നത്.കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പലരും ഇവിടെയെത്തി മൃതദേഹങ്ങള്‍ മണലില്‍ കുഴിച്ചിടുന്നുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു.നായകളും പക്ഷികളും മൃതദേഹാവശിഷ്ടങ്ങള്‍ കടിച്ചുവലിക്കാനും തുടങ്ങിയിരിക്കുകയാണ്. ഇത് സമീപപ്രദേശത്തുള്ളവർക്ക് ബുദ്ധിമുട്ടായി മാറിയിരിക്കുകയാണ്.

ത്രിവേണി സംഗമത്തിനടുത്തും മൃതദേഹങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഇവ കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങളാണോ എന്നത് സ്ഥിരീകരിച്ചിട്ടില്ല. പ്രദേശത്ത് രോഗങ്ങൾ പടർന്നുപിടിക്കുമോ എന്ന ആശങ്കയും സമീപവാസികൾക്കുണ്ട്. യു.പിയിലെ ഉന്നാവ് ജില്ലയിലും ഇത്തരത്തില്‍ മൃതദേഹങ്ങള്‍ മണലില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയിരുന്നു. ഗാസിപൂരിലും ബിഹാറിലെ ബക്‌സറിലും കഴിഞ്ഞയാഴ്ചയാണ് നദിയില്‍ ഒഴുകുന്ന നിലയില്‍ നിരവധി മൃതദേഹങ്ങള്‍ കണ്ടെത്തിയത്. തീരത്തടിഞ്ഞ മൃതദേഹങ്ങള്‍ പലതും അഴുകിയ നിലയിലായിരുന്നു. അതേസമയം, മൃതദേഹങ്ങളില്‍ നിന്ന് ദുര്‍ഗന്ധം വമിക്കാന്‍ തുടങ്ങിയതോടെ ഭക്തരില്‍ പലരും ഗംഗയില്‍ സ്‌നാനം ചെയ്യുന്നത് നിര്‍ത്തിയെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *