ദേശീയ ദുരന്ത നിവാരണ സേന കടല്‍ ക്ഷോഭം രൂക്ഷമായ എറണാകുളം ചെല്ലാനത്തെത്തി. 30 അംഗ സംഘമാണെത്തിയത്. കൊവിഡ് രോഗബാധ രൂക്ഷമായ ചെല്ലാനത്ത് 55 ശതമാനത്തിലധികമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. വെള്ളക്കെട്ടിനെ തുടര്‍ന്ന് ഇവിടെ ക്യാമ്പുകള്‍ തുറന്നുവെങ്കിലും കൊവിഡ് ഭീതി നിലനില്‍ക്കുന്നതിനാല്‍ ജനങ്ങള്‍ മാറാന്‍ കൂട്ടാക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ട്.
നേരത്തെ കണ്ടക്കടവ് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ഡോക്ടര്‍ അടക്കമുള്ള 12 ജീവനക്കാര്‍ കുടുങ്ങിക്കിടന്നിരുന്നു. ഇവരെ ഫയര്‍ഫോഴ്‌സാണ് രക്ഷിച്ചത്.ആളുകളെ ദുരിത ബാധിത മേഖലയില്‍ നിന്ന് ഒഴിപ്പിക്കാനുള്ള ശ്രമം തുടരുന്നു. കൂടുതല്‍ സുരക്ഷാ സേന പ്രദേശത്തെത്തുന്നുണ്ട്. ഫയര്‍ ഫോഴ്‌സും പൊലീസും പ്രദേശത്ത് നിലയുറപ്പിച്ചിട്ടുണ്ട്.
ആളുകള്‍ വീടിന്റെ മുകളിലത്തെ നിലയില്‍ കയറി നില്‍ക്കുന്നുണ്ട്. സ്ഥലത്ത് കുടിവെള്ള ദൗര്‍ലഭ്യം ഉണ്ടെന്നും കണ്ടക്കടവ് ഭാഗത്ത് പ്രായമായ ആളുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും വിവരം.കൊവിഡ് അതിരൂക്ഷമായ ഈ പ്രദേശത്തെ പുനരധിവാസം ജില്ലാ ഭരണകൂടത്തിന് വലിയ വെല്ലുവിളിയാണ്. ആളുകള്‍ ബന്ധു വീടുകളിലേക്കും സുഹൃത്തുകളുടെ വീടുകളിലേക്കും മാറുകയാണ് ചെയ്യുന്നത്.