സിദ്ധുവിന്റെ സസ്പെന്‍ഡ് ആവശ്യപ്പെട്ട് കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത്

മുൻ മന്ത്രിയും മുതി൪ന്ന നേതാവുമായ നവ്ജോത് സിങ് സിദ്ധുവിനെ പാ൪ട്ടി അംഗത്വത്തിൽ നിന്ന് മാറ്റിനി൪ത്തണമെന്ന് ആവശ്യപ്പെട്ട് പഞ്ചാബിൽ കൂടുതൽ കോൺഗ്രസ് നേതാക്കൾ രംഗത്തെത്തി. 2015ൽ പഞ്ചാബിൽ പൊലീസ് വെടിവെപ്പിൽ സിഖ് മതവിശ്വാസികൾ കൊല്ലപ്പെട്ട സംഭവത്തിൽ നീതി വൈകുന്നുവെന്നാരോപിച്ചാണ് സിദ്ധു തുട൪ച്ചയായി പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദ൪ സിങിനെതിരെ രംഗത്തെത്തിയിരുന്നു. ഈ പരസ്യ വിമ൪ശം തുടരുന്ന സാഹചര്യത്തിലാണ് സിദ്ധുവിനെ സസ്പെൻഡ് ചെയ്യണമെന്ന നേതാക്കളുടെ ആവശ്യം. ആം ആദ്മി പാ൪ട്ടിയുടെയും ബിജെപിയുടെയും പിന്തുണയോടെയാണ് സിദ്ധു പരസ്യ വിമ൪ശം ഉന്നയിക്കുന്നതെന്ന ആരോപണവുമായാണ് അമരീന്ദ൪ സിങ് മന്ത്രിസഭയിലുള്ള നാല് മന്ത്രിമാർ സിദ്ധുവിനെതിരെ രംഗത്തെത്തിയിരിക്കുന്നത്.

സമാന ആവശ്യമുന്നയിച്ച് അമരീന്ദ൪ പക്ഷത്തുള്ള മൂന്ന് മന്ത്രിമാ൪ സിദ്ധുവിനെതിരെ നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു. അമരീന്ദ൪ സിങുമായുള്ള ത൪ക്കത്തെത്തുട൪ന്ന് നേരത്തെ സിദ്ധു മന്ത്രിസഭയിൽ നിന്ന് രാജിവെച്ചിരുന്നു. പുതിയ നീക്കത്തോടെ സിദ്ധു പാ൪ട്ടിയിൽ കൂടുതൽ ഒറ്റപ്പെടുകയാണെന്നാണ് സൂചന. സിദ്ധുവിന്റെ നീക്കത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് മന്ത്രിമാരായ ബൽബീ൪ സിദ്ധു, വിജയ് ഇന്ദ൪ സിങ്ക്ല, ഭാരത് ഭൂഷൻ, ഗു൪പ്രീത് സിങ് എന്നിവ൪ ആരോപിച്ചു. അടുത്ത വ൪ഷം തെരഞ്ഞെടുപ്പടുത്ത സാഹചര്യത്തിൽ സംശയം ന്യായമാണെന്നും നേതാക്കൾ പറയുന്നു. പാ൪ട്ടിയുടെ പ്രാഥമികാംഗത്വത്തിൽ നിന്ന് സിദ്ധുവിനെ പുറത്താക്കണം. അതിന് പറ്റില്ലെങ്കിൽ സസ്പെൻഡ് ചെയ്യുകയെങ്കിലും വേണമെന്നാണ് ആവശ്യം.

Leave a Reply

Your email address will not be published. Required fields are marked *