ട്വിറ്റർ ലോഗോയായ പക്ഷി വീണ്ടും എത്തി

ട്വിറ്റർ ലോഗോയായ പക്ഷി തിരിച്ചു വന്നു. ഏപ്രിൽ ഒന്നിനാണ് മസ്ക് ലോഗോ മാറ്റുകയുണ്ടായത്. പക്ഷിക്ക് പകരം നായയുടെ മുഖമായിരുന്നു ലോഗോയിലുള്ളത്. സ്വന്തമാക്കിയ അന്ന് മുതൽ ട്വിറ്ററില്‌ അടിമുടി മാറ്റങ്ങൾ വരുത്തുന്ന വ്യക്തിയാണ് എലോൺ മസ്ക്. സിഗ്നേച്ചർ ബേർഡിനോട് വിട പറഞ്ഞു കൊണ്ടുള്ള മീം കഴിഞ്ഞ ദിവസമാണ് മസ്ക് ട്വിറ്ററിൽ പങ്കുവെച്ചത്. നേരത്തെ വരെ ട്വിറ്റർ വെബ് തുറക്കുമ്പോൾ, ലോഡിംഗ് സ്‌ക്രീനിൽ പുതിയ ട്വിറ്റർ ലോഗോയായിരുന്നു കാണിച്ചിരുന്നത്. ഒരു സംഭാഷണത്തിന്റെ സ്‌ക്രീൻഷോട്ട് പോസ്റ്റ് ചെയ്തുകൊണ്ടാണ് മസ്‌ക് ട്വിറ്ററിൽ പുതിയ ലോഗോ പരിചയപ്പെടുത്തിയത്. “@WSBCchairman” എന്ന ഹാൻഡിൽ ഉപയോഗിച്ച് മസ്‌കും ഒരു ട്വിറ്റർ ഉപയോക്താവും തമ്മിൽ നടന്ന സംഭാഷണത്തിന്റെ സ്‌ക്രീൻഷോട്ടാണ് പങ്കുവെച്ചിരുന്നത്.

ജനപ്രിയമായ ഡോജ് കോയിൻ (Dogecoin) എന്ന ക്രിപ്‌റ്റോ കറൻസിയുടെ ചിഹ്നമാണ് ഷിബ ഇനു വർഗത്തിൽ പെട്ട നായ. അതിന്റെ ചിത്രമാണ് മസ്ക് ട്വിറ്ററിന്റെ ലോഗോയായി നൽകിയത്. 2013 ൽ അവതരിപ്പിക്കപ്പെട്ട ‌ക്രിപ്‌റ്റോ കറൻസിയാണ് ഡോജ്‌കോയിൻ. ഇതിനെ സപ്പോർട്ട് ചെയ്യുന്നവരിൽ ഒരാളാണ് മസ്ക്. ഡോജ് കോയിൻ ഇടപാടിന് അംഗീകാരം നൽകിയവരുടെ കൂട്ടത്തിൽ മസ്‌കിന്റെ ടെസ്ലയുമുണ്ട്. സ്‌പേസ് എക്‌സും വൈകാതെ ഡോജ് കോയിൻ സ്വീകരിക്കും. ഇതിന്റെ ഭാഗമായാണ് ലോഗോ മാറ്റമെന്നും അതല്ല ഏപ്രിൽ ഫൂളാക്കാന്‌ ചെയ്തതാണെന്നും വാദമുണ്ട്. ഡോജ് കോയിനെ സപ്പോർട്ട് ചെയ്യുന്നതിന്റെ പേരിൽ മസ്കിനെതിരെ കേസ് നടക്കുന്നുണ്ട്. 25800 കോടി ഡോളറിന്റെ കേസാണ് നടക്കുന്നത്. കേസ് തള്ളണം എന്നാവശ്യവുമായി കുറച്ചു ദിവസങ്ങൾക്ക് മുൻപ് ട്വിറ്റർ കോടതിയെ സമീപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഡോജ് കോയിന്റെ ലോഗോ ട്വിറ്ററിന് നൽകിക്കൊണ്ടുള്ള പുതിയ നീക്കം. ലോഗോ മാറ്റിയ ശേഷം ഡോജ് കോയിന്റെ വിലയിൽ 20 ശതമാനത്തിന്റെ വർധനവുണ്ടായതായി റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *