ഇടുക്കി: കഞ്ഞിക്കുഴിയിൽ അഞ്ചംഗ കുടുംബം വിഷം കഴിച്ചതിന് പിന്നിൽ ബ്ലേഡ് മാഫിയയുടെ ഭീഷണിയുണ്ടായിരുന്നോ എന്ന് പോലീസ് പരിശോധന. വിഷം കഴിച്ച പുന്നയാർ കാരാടിയിൽ ബിജുവും ഭാര്യ ടിൻറുവും മരിച്ചിരുന്നു. മരിച്ച ബിജു പലരിൽ നിന്നായി പണം കടം വാങ്ങുകയുണ്ടായി. ഇതിൽ ബ്ലേഡ് മാഫിയയിൽ ഉൾപ്പെട്ടവരുടെ ഭീഷണിയെ തുടർന്നാണ് കുടുംബത്തോടെ ആത്മഹത്യക്ക് ശ്രമിച്ചതെന്ന് കുടുംബം ആരോപിച്ചിരുന്നു.
ടിൻറുവിനോട് അസഭ്യം പറയുകയും ഭീണഷിപ്പെടുത്തുകയും ചെയ്യുന്ന ശബ്ദ സന്ദേശവും പോലീസിന് ലഭിക്കുകയുണ്ടായി. ഇതനുസരിച്ച് ജോൺസൺ എന്നയാളെ കഞ്ഞിക്കുഴി സിഐ സാം ജോസിൻറെ നേതൃത്വത്തിൽ സ്റ്റേഷനിൽ വിളിച്ചു വരുത്തി ചോദ്യം ചെയ്തു. സുഹൃദ് ബന്ധത്തിൻറെ പേരിൽ 22500 രൂപ താൻ കടമായി നൽകിയിരുന്നെന്ന് ഇയാൾ പോലീസിനോട് പറഞ്ഞു. തുടർന്ന് ജോൺസൻറെ കടയിലും വീട്ടിലും പോലീസ് പരിശോധന നടത്തി. പണം കൊടുത്തപ്പോൾ തയ്യാറാക്കിയ എഗ്രിമെൻറ് കണ്ടെത്തി. എന്നാലിതിൽ പലിശ സംബന്ധിച്ച നിബന്ധനകളൊന്നുമുണ്ടായിരുന്നില്ല.
പതിനായിരം രൂപ ബിജു തിരികെ നൽകിയതായും ബാക്കി തുക എഴുതിയ ചെക്ക് കൈമാറിയതായും ഇയാൾ പോലീസിനോട് പറഞ്ഞു. പണം തരാമെന്ന് പറഞ്ഞ് വൈകുന്നേരം വരെ മകനെ കടയിൽ നിർത്തിയതിനാലാണ് അസഭ്യം പറഞ്ഞതെന്നും ജോൺസൻ മൊഴി നൽകി. ബിജുവിൻറെ വീട്ടിൽ നിന്നും കണ്ടെത്തിയ ആത്യഹത്യാക്കുറിപ്പിൽ ജോൺസൺ അടക്കം മൂന്ന് പേരുടെ പേരുകളുണ്ടായിരുന്നു. മറ്റു രണ്ടു പേർ ടിൻറുവിനോടൊപ്പം കുടുംബ ശ്രീയിൽ ഉള്ളവരാണെന്ന് കണ്ടെത്തിയിട്ടുണ്ട്. വലിയ തുകകളൊന്നും കടം വാങ്ങിയതായി പോലീസിന് തെളിവ് ലഭിച്ചിട്ടില്ല.
അമ്മയുടെ പേരിലുളള 73 സെൻറ് സ്ഥലത്തിൻറെ പട്ടയം വച്ച് കെഎസ്എഫ്ഇയിൽ നിന്നും വായ്പയെടുക്കാൻ ബിജു ശ്രമിച്ചിരുന്നു. എന്നാൽ അമ്മ ഒപ്പിട്ടു നൽകാത്തതിനാൽ ഇത് നടന്നില്ല. ഇവരുടെ പക്കൽ സ്വർണമൊന്നുമില്ലായിരുന്നു. ഇതിനിടെ കടം വാങ്ങിയ പണം ചോദിച്ച് പലരും അച്ഛനെ ഫോൺ വിളിക്കാറുണ്ടെന്ന് മകൾ സുഹൃത്തിനോട് പറഞ്ഞിരുന്നു. ഇത് സംബന്ധിച്ച് വ്യക്തത വരുത്താൻ കുട്ടിയിൽ നിന്നും പോലീസ് വിവരങ്ങൾ തേടും. ബ്ലേഡ് മാഫിയയുടെ ഇടപെടൽ ഉണ്ടെന്ന് തെളിഞ്ഞാൽ ശക്തമായ നടപടി ഉണ്ടാകുമെന്ന് കഞ്ഞിക്കുഴി സിഐ സാം ജോസഫ് പറഞ്ഞു.