കാഞ്ഞങ്ങാട്: പാണത്തൂർ സംസ്ഥാനപാതയിൽ നെല്ലിത്തറയിൽ യുവാവിനെ വടിവാൾകൊണ്ട് കാലിനു വെട്ടി ഗുരുതരമായി പരിക്കേൽപ്പിക്കുകയും വധിക്കാൻ ശ്രമിക്കുകയും ചെയ്ത കേസിൽ നാല് പ്രതികളും റിമാൻഡിൽ. ബുധനാഴ്ച രാത്രി പൊലീസിൽ കീഴടങ്ങിയ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കോട്ടപ്പാറ കൊടവലത്തെ ചന്ദ്രനെയാണ് വധിക്കാൻ ശ്രമിച്ചത്. വ്യാഴാഴ്ച വൈകീട്ടാണ് ഹോസ്ദുർഗ് കോടതിയിൽ ഹാജരാക്കിയത്. പ്രതികളായ മനു രാജ്, അജിത്ത്, നിധീഷ്, അനുരാജ് എന്നിവരാണ് 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്. കോപ്പാറ ഭാഗങ്ങളിലുള്ളവരാണ് പ്രതികൾ. കേസിൽ രണ്ടു പ്രതികളെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ഇവരും റിമാൻഡിലാണ്.
ഒരു മാസം മുമ്പാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഭാര്യക്കൊപ്പം കാഞ്ഞങ്ങാടുനിന്നും വീട്ടിലേക്ക് മോട്ടോർ ബൈക്കിൽ പോകവെ ബൈക്കുകളിൽ എത്തിയ ആറംഗസംഘം ചന്ദ്രനെ ബൈക്കിൽ നിന്നും തള്ളി താഴെയിട്ടു വാൾകൊണ്ട് കാലിനു വെട്ടി ഗുരുതരമായി പരിക്കേൽപ്പിക്കുകയായിരുന്നു. ആക്രമണത്തിൽ ഭാര്യക്കും മർദനമേറ്റു. ഗൾഫിലുണ്ടായ ചില പ്രശ്നങ്ങളുടെ പേരിലായിരുന്നു ചന്ദ്രന് നേരെ ആക്രമണം നടത്തിയത്.