ആലുവ: മത്സ്യത്തൊഴിലാളിയെ മർദിച്ചവശനാക്കിയ കേസിൽ അഞ്ചുപേർ അറസ്റ്റിൽ. മുനമ്പം ഹാർബറിലെ തൊഴിലാളിയായ കൊല്ലം സ്വദേശി ഉദയകുമാറിനാണ് മർദനമേറ്റത്. ആലപ്പുഴ മാമ്പുഴക്കരി മംഗലശ്ശേരിച്ചിറ വീട്ടിൽ അജയ് (21), കോട്ടയം മാങ്ങാനം മാമൂട്ടിൽ വീട്ടിൽ ഷോജിമോൻ (23), പരവൂർ ശ്രീഹരി വീട്ടിൽ അർജുൻ (21), ആലുവ അശോകപുരം തറയിൽ വീട്ടിൽ ജിജോ ഫ്രാൻസിസ് (കുമ്പാരി -33), ആലുവയിൽ വാടകക്ക് താമസിക്കുന്ന കോതമംഗലം കുട്ടമ്പുഴ തേവർകുഴിയിൽ വീട്ടിൽ റിജോമോൻ (32) എന്നിവരെയാണ് ആലുവ പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 29ന് രാത്രി 10നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കന്യാകുമാരിക്ക് പോകാൻ ഇയാൾ ആലുവ റെയിൽവേ സ്റ്റേഷനിൽ വന്ന് ടിക്കറ്റ് എടുത്തശേഷം ഭക്ഷണം കഴിക്കാൻ പുറത്തിറങ്ങിയപ്പോൾ മുൻ ഭാര്യയുടെ സഹോദരിയുടെ മകനായ അജയനെ കാണുകയും അജയനും സുഹൃത്തുക്കളും ചേർന്ന് മർദിച്ചെന്നുമാണ് പരാതി. മർദനത്തിൽ ഉദയകുമാറിന്റെ വാരിയെല്ല് ഒടിഞ്ഞിട്ടുണ്ട്. സംഭവം കണ്ട ബസ് തൊഴിലാളികളായ റിജോ ഫ്രാൻസിസും റിജോമോനും മർദനത്തിൽ പങ്കാളികളായി. തുടർന്ന് അഞ്ചുപേരും അവിടെനിന്ന് കടന്നുകളഞ്ഞു. പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രതികളെ വിവിധ സ്ഥലങ്ങളിൽനിന്നാണ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.