കാക്കനാട്: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്തർ സംസ്ഥാന തൊഴിലാളിയെ അറസ്റ്റ് ചെയ്തു. ഒഡിഷ സ്വദേശി ചക്രധാർ മാലിക്ക് എന്ന 40-കാരനെയാണ് തൃക്കാക്കര എസ്.ഐ അനീഷിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. കാക്കനാട്ടെ സ്വകാര്യ കെട്ടിടത്തിലായിരുന്നു ഇരുവരും താമസിച്ചിരുന്നത്.
കഴിഞ്ഞ ദിവസം 15കാരിയായ പെൺകുട്ടിയെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഇതേതുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ഒമ്പതുമാസം മുമ്പ് വിവാഹിതരായ ഇരുവരും കാക്കനാട്ടും സമീപ പ്രദേശങ്ങളിലുമായി താമസിച്ചുവരുകയായിരുന്നു. ദമ്പതികളുടെ തിരിച്ചറിയൽ രേഖകൾ പരിശോധിച്ചപ്പോൾ പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ലെന്ന് കണ്ടെത്തി. തുടർന്ന്, പോക്സോ നിയമ പ്രകാരമാണ് കേസെടുത്ത് അറസ്റ്റ് ചെയ്തത്. പോസ്റ്റ്മോർട്ടത്തിന് ശേഷം പെൺകുട്ടിയുടെ മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളജിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.