കോഴിക്കോട് ട്രെയിൻ തീപിടിത്തത്തിൽ മരിച്ച പാലോട്ടുപള്ളി സ്വദേശി എം റഹ്മത്ത്, ചിത്രാരി സ്വദേശി നൗഫീഖ് എന്നിവരുടെ വീടുകൾ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു. കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ വീതം ധനസഹായം അദ്ദേഹം കൈമാറി.
എം റഹ്മത്ത് (44), ഇവരുടെ മരുമകൾ സെഹ്‌റ ബത്തൂൽ (2), നൗഫീഖ് (38) എന്നിവരെയാണ് ഞായറാഴ്ച രാത്രി എലത്തൂർ റെയിൽവേ സ്‌റ്റേഷനു സമീപത്തെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആലപ്പുഴ-കണ്ണൂർ എക്‌സിക്യുട്ടീവ് എക്‌സ്‌പ്രസ് തീവെപ്പ് നടത്തിയ കേസിലെ പ്രതി ഷാരൂഖ് സൈഫി(24)യ്‌ക്കെതിരെ കൊലക്കുറ്റം ചുമത്തി പോലീസ്. സംഭവത്തിൽ മൂന്ന് പേരുടെ മരണത്തിൽ പ്രതിക്ക് പങ്കുണ്ടെന്ന് ലോക്കൽ പോലീസ് പറഞ്ഞു.