കാമുകിയെ പീഡിപ്പിച്ച മന്ത്രവാദിയെ യുവാവും സുഹൃത്തുക്കളും ചേർന്ന് കൊലപ്പെടുത്തി

 

ചെന്നൈ: തമിഴ്നാട് ധർമപുരിയിൽ കാമുകിയെ ലൈംഗികമായി ഉപദ്രവിച്ച മന്ത്രവാദിയെ യുവാവും സുഹൃത്തുക്കളും ചേർന്ന് കൊലപ്പെടുത്തി. ലിംഗം മുറിച്ചു മാറ്റിയ ശേഷം കല്ലുകൊണ്ട് അടിച്ചാണ് കൊലപാതകം. ഹൊസൂർ കലവറപ്പള്ളി സ്വദേശി ശശികുമാറാണ് മരണപ്പെട്ടിരിക്കുന്നത്. പ്രതികളായ ദിനേശ്, ഗുണാലൻ എന്നിവർ ബെന്നഗരം കോടതിയിൽ കീഴടങ്ങി.

കാമുകിയെ വിവാഹം കഴിക്കാനുള്ള തടസ്സങ്ങൾ നീക്കാൻ പൂജ നടത്തണമെന്നാവശ്യപ്പെട്ട് ദിനേശ് ആഭിചാരക്രിയകൾ നടത്തുന്ന ശശികുമാറിനെ സമീപിക്കുകയായിരുന്നു. ദിനേശിന്റെ അച്ഛന്റെ സുഹൃത്താണ് ശരികുമാർ. ഇയാൾ പറഞ്ഞതനുസരിച്ച് രണ്ടാഴ്ച മുമ്പ് പെൺകുട്ടിയേയും കൂട്ടി ദിനേശ് ശശികുമാറിന്റെ വീട്ടിൽ പൂജക്ക് എത്തി. മന്ത്രവാദ പരിപാടികൾ ആരംഭിച്ചപ്പോൾ ദിനേശിനോട് ഇയാൾ പുറത്തിറങ്ങി നിൽക്കാൻ ആവശ്യപ്പെട്ടു. ഈ തക്കം നോക്കി പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു. പുറത്തേയ്ക്ക് കരഞ്ഞുകൊണ്ട് ഇറങ്ങി വന്ന പെൺകുട്ടി ശരികുമാർ ഉപദ്രവിച്ച വിവരം ദിനേശിനോട് പറഞ്ഞു. തുടർന്ന് ദിനേശും സുഹൃത്തുക്കളും ചേർന്ന് ശശികുമാറിനെ കൊല്ലാൻ തീരുമാനിക്കുകയായിരുന്നു.

 

ഇക്കഴിഞ്ഞ ബുധനാഴ്ച മറ്റൊരു സുഹൃത്തിന് വേണ്ടി മന്ത്രവാദം നടത്തണമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് ദിനേശ് ശശികുമാറിനെ ബെന്നഗരം വനമേഖലയിൽ എത്തിച്ചു. അവിടെ വച്ച് ബോധം മറയുവോളം മദ്യം നൽകിയതിന് ശേഷം ദിനേശും കൂട്ടുകാരും ചേർന്ന് ശശികുമാറിനെ കൊല്ലപ്പെടുത്തി. ലിംഗം മുറിച്ചുമാറ്റിയശേഷം കല്ലുകൊണ്ട് തലക്കടിച്ചു കൊല്ലുകയായിരുന്നു.

രണ്ടുദിവസം കഴിഞ്ഞ് ഭർത്താവിനെ കാണാനില്ലെന്ന് കാട്ടി ശശികുമാറിന്റെ ഭാര്യ സുജാത ഹൊസൂർ പൊലീസിൽ പരാതി നൽകിയിരുന്നു. പരാതിയിൽ ദിനേശ് വിളിച്ച കാര്യവും പൊലീസിനെ അറിയിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ വനമേഖലയിൽ നിന്നും ശശികുമാറിന്റെ മൃതദേഹം കണ്ടെത്തി. ദിനേശന് വേണ്ടി തിരച്ചിൽ നടത്തുന്നതിനിടെ ഇന്ന് രാവിലെ പ്രതികൾ കോടതിയിൽ കീഴടങ്ങുകയായിരുന്നു. കേസിൽ ദിനേശന്റെ മറ്റൊരു സുഹൃത്ത് കൂടി പിടിയിലാകാനുണ്ടെന്ന് പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *