ദില്ലി: രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം കുത്തനെ കൂടുന്നതിൽ ആശങ്ക. 24 മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം ആറായിരം കടന്നതോടെയാണ് ആശങ്ക ഉയർന്നിരിക്കുന്നത്. 24 മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് റിപ്പോർട്ട് ചെയ്തത് 6050 പേർക്കാണ്. കഴിഞ്ഞ ദിവസത്തേക്കാൾ പതിമൂന്ന് ശതമാനമാണ് വർധനവ് രേഖപ്പെടുത്തിയത്. 5335 പേർക്കായിരുന്നു ഇന്നലെ രോഗം സ്ഥിരീകരിച്ചത്. കൊവിഡിനൊപ്പം തന്നെ പോസിറ്റിവിറ്റി നിരക്കും കൂടുന്നുണ്ട്. 3.39 ശതമാനം ആണ് നിലവിലെ പോസിറ്റിവിറ്റി നിരക്ക്.
കഴിഞ്ഞ ഓഗസ്റ്റിന് ശേഷം ഇപ്പോഴാണ് പ്രതിദിന കേസുകൾ ഇത്തരത്തിൽ തുടർച്ചയായി വർധിക്കുന്നത്. കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് സിക്കിമിൽ മാസ്ക് നിർബന്ധമാക്കി. 7 ശതമാനമാണ് സിക്കിമിലെ കൊവിഡ് പൊസിറ്റിവിറ്റി നിരക്ക്. മഹാരാഷ്ട്രയിൽ ഒരു ദിവസത്തിനിടെ എണ്ണൂറിലധികം പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഉത്തർപ്രദേശിലെ ലക്നൗവിലും ആഗ്രയിലും രോഗികളുടെ എണ്ണം കൂടുകയാണ്. രാജ്യ തലസ്ഥാനമായ ദില്ലിയിൽ പ്രതിദിന കൊവിഡ് കണക്ക് 606 ലേക്കാണ് ഉയർന്നത്. തലസ്ഥാനത്ത് റിപ്പോർട്ട് ചെയ്യുന്ന കേസുകളിൽ 90 ശതമാനവും ഒമിക്രോണിൻറെ ഉപവകഭേദമായ XBB1.16 ആണെന്നാണ് വിവരം. വ്യാപനശേഷി കൂടുതലാണെങ്കിലും ഈ വകഭേദം ഗുരുതര ആരോഗ്യ പ്രശ്നത്തിനിടയാക്കില്ല എന്നാണ് വിലയിരുത്തൽ. കേരളം ഉൾപ്പടെ മൂന്നിടങ്ങളിൽ രോഗവ്യാപനം കൂടുതലാണ്.