അമൃത്സര്‍: ഖലിസ്ഥാന്‍വാദി നേതാവ് അമൃത്പാല്‍ സിംഗ് സിഖ് സംഘടനകളുടെ യോഗത്തിന് ആഹ്വാനം ചെയ്ത പശ്ചാത്തലത്തിൽ പഞ്ചാബില്‍ കനത്ത ജാഗ്രതാനിര്‍ദേശം നൽകിയിരിക്കുന്നു. 14-ാം തീയതി ബൈശാഖി ദിനത്തില്‍ സര്‍ബത് ഖല്‍സ സമ്മേളനം വിളിച്ചുകൂട്ടാന്‍ സിഖ് സംഘടനയായ അകാല്‍ തഖ്ത് മേധാവികളോടാണ് അമൃത്പാല്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അമൃത്സറിലെ അകാല്‍ തഖ്തില്‍ നിന്ന് ബത്തിന്‍ഡയിലെ ദംദാമ സാഹിബിലേക്ക് ഘോഷയാത്ര നടത്താനും അമൃത്പാല്‍ വീഡിയോ സന്ദേശത്തിലൂടെ സിഖ് സംഘടനാ നേതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
യോഗം വിളിക്കണമെന്ന ആഹ്വാനത്തിന്റെ പശ്ചാത്തലത്തില്‍ 14-ാം തീയതി വരെ പഞ്ചാബിലെ എല്ലാ പൊലീസുകാരുടെയും അവധി റദ്ദാക്കിയതായാണ് റിപ്പോര്‍ട്ട്. എല്ലാ ഗസറ്റഡ്, നോണ്‍ ഗസറ്റഡ് പൊലീസ് ഉദ്യോഗസ്ഥരുടെയും അവധി റദ്ദാക്കിയതായി ഡിജിപി ഗൗരവ് യാദവിന്റെ ഉത്തരവില്‍ പറയുന്നു. നേരത്തെ അനുവദിച്ച എല്ലാ അവധികളും റദ്ദാക്കാനും പുതിയ അവധികള്‍ അനുവദിക്കരുതെന്നും ഡിജിപി നിര്‍ദേശിച്ചതായി പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു. മുന്‍പ് 1986ലും 2015ലുമാണ് സര്‍ബത് ഖല്‍സ ചേര്‍ന്നിട്ടുള്ളത്.