ഓടുന്ന ബസിൽ യുവതിയെ വെട്ടിക്കൊന്നു, മകനെ ബസിൽ ഉപേക്ഷിച്ച് പ്രതി ഇറങ്ങിയോടി

ചെന്നൈ: തമിഴ്നാട് ദിണ്ടിഗൽ ജില്ലയിലെ നത്തത്തിന് സമീപം ഓടുന്ന ബസിൽ യുവതിയെ വെട്ടിക്കൊന്നു. സ്വത്ത് തർക്കത്തെ തുടർന്നുണ്ടായ പകയിൽ ഭർതൃ സഹോദരനാണ് കൊലപാതകം ചെയ്തിരിക്കുന്നത്. ഗണവായ്പ്പട്ടി സ്വദേശി ദമയന്തിയാണ് ദാരുണമായി മരിച്ചത്.

ദിണ്ടിഗൽ നത്തം ടൗണിലെ എൻജിഒയിൽ ജീവനക്കാരിയായിരുന്നു കൊല്ലപ്പെട്ട ദമയന്തി. ഓടുന്ന ബസിൽ ഭർതൃസഹോദരൻ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. ദമയന്തിയുടെ ഭർത്താവ് ഗോപി ദിണ്ടിഗൽ നഗരത്തിലെ ഓട്ടോ ഡ്രൈവറാണ്. ഗോപിയും സഹോദരൻ രാജാംഗവും തമ്മിൽ കുടുംബസ്വത്ത് വിഭജിക്കുന്നത് സംബന്ധിച്ച് ഏറെ നാളായി തർക്കം തുടരുകയാണ്.

ഇതുമായി ബന്ധപ്പെട്ട സിവിൽ കേസ് ദിണ്ടിഗൽ കോടതിയുടെ പരിഗണനയിലാണ്. കേസിന്‍റെ ആവശ്യത്തിനായി ദിണ്ടിഗലിലെ വക്കീൽ ഓഫീസിലേക്കുള്ള യാത്രക്കിടയിലാണ് ദമയന്തിക്ക് നേരെ ആക്രമണം ഉണ്ടായത്. ഉലുപ്പക്കുടി – ദിണ്ടിഗൽ റൂട്ടിലോടുന്ന കൃഷ്ണ എന്ന സ്വകാര്യ ബസിൽ ദമയന്തി കയറുന്നത് കണ്ട് രാജാംഗം 14 വയസ്സുള്ള മകനുമായി അതേ ബസിൽ കയറി.

ബസ് ഗോപാൽപട്ടിക്ക് സമീപം വടുകമ്പതിയിൽ എത്തിയപ്പോൾ രാജാംഗം വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചിരുന്ന കത്തിയെടുത്ത് ദമയന്തിയെ ആക്രമിക്കുകയായിരുന്നു. ബസിലെ ബഹളവും അലർച്ചയും കേട്ടയുടൻ തന്നെ ബസ് ഡ്രൈവർ വിജയ് ബസ് നിർത്തി. യാത്രക്കാർ നാലുപാടും ചിതറിയോടി. യുവതിയെ ആശുപത്രിയിലെത്തിക്കാൻ ചിലർ ശ്രമിച്ചെങ്കിലും കഴുത്തിന് മാരകമായി മുറിവേറ്റ ഇവർ ബസിൽ വെച്ച് തന്നെ മരിച്ചു.

ഇതിനിടെ മകനെ ബസിൽ ഉപേക്ഷിച്ച് രാജാംഗം ഇറങ്ങിയോടി. ചാണാർപട്ടി പോലീസ് സ്ഥലത്തെത്തിയാണ് മൃതദേഹം ബസിൽ നിന്ന് പുറത്തെടുത്ത് മോർച്ചറിയിലേക്ക് മാറ്റിയത്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം ദമയന്തിയുടെ സംസ്കാരം നടന്നു. കൊലയാളി രാജാംഗം ഇപ്പോഴും ഒളിവിലാണ്.

Leave a Reply

Your email address will not be published. Required fields are marked *