മലപ്പുറം: പ്രേമം നടിച്ച് പ്രലോഭിപ്പിച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ട് വിത്യസ്ത കേസുകളിലായാണ് രണ്ട് യുവാക്കളെ നിലമ്പൂര്‍ പൊലീസ് പിടികൂടിയത്. അരീക്കോട് സ്വദേശി വടക്കയില്‍ മുഹമ്മദ് യൂനസ് (26) മമ്പാട് സ്വദേശി റംഷീദ് (27) എന്നിവരെയാണ് നിലമ്പൂര്‍ സി ഐ പി വിഷ്ണു, എസ്ഐ ടി എം സജിനി എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
രണ്ടു കേസുകളിലും 16 വയസുള്ള പെണ്‍കുട്ടികളാണ് പീഡിപ്പിക്കപ്പെട്ടിരിക്കുന്നത്. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി (സി ഡബ്ല്യു സി)ക്ക് ലഭിച്ച പരാതിയിലാണ് നിലമ്പൂര്‍ പൊലീസ് കേസെടുത്തത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് രണ്ട് പ്രതികളെെയും പിടികൂടിയത്. ഇവരെ നിലമ്പൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.