ടൊറോന്റോ: കാനഡയിലെ ഒന്റാരിയോയിലെ ഹിന്ദു ക്ഷേത്രത്തിന് നേർക്ക് അജ്ഞാതസംഘത്തിന്റെ ആക്രമണം. ക്ഷേത്രത്തിലെ ഭിത്തിയിൽ ഇന്ത്യാവിരുദ്ധ, ഹിന്ദുവിരുദ്ധ ഗ്രഫിറ്റികൾ ആലേഖനം ചെയ്തു. ബുധനാഴ്ച രാത്രി യുവാക്കളടങ്ങുന്ന സംഘം സ്പ്രേ പെയിന്റ് ഉപയോഗിച്ച് പ്രകോപനപരമായ മുദ്രാവാക്യങ്ങൾ കുറിക്കുകയായിരുന്നു.
ഒരാൾ ഗ്രഫിറ്റി എഴുതുന്നതിനിടെ മറ്റുള്ളവർ കാവൽ നിൽക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പ്രതികളെന്ന് സംശയിക്കുന്ന രണ്ടു പേർക്കായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൂടുതൽ ദൃശ്യങ്ങൾക്കായി സമീപത്തുള്ള വീടുകളിൽ നിന്നും പ്രദേശത്ത് പാർക്ക് ചെയ്തിരുന്ന വാഹനങ്ങളിലെ ഡാഷ് കാമറകളിൽ നിന്നും പോലീസ് ഡേറ്റ ശേഖരിച്ചു. ക്ഷേത്രത്തിന് നേർക്കുള്ള ആക്രമണത്തെ ഒട്ടാവയിലെ ഇന്ത്യൻ ഹൈകമ്മീഷൻ അപലപിച്ചു.