തിരുവനന്തപുരം: അവധിക്കാലത്ത് ഇതരസംസ്ഥാനങ്ങളിലെ മലയാളികൾക്കായി 32 അധിക സർവീസുമായി കെഎസ്ആർടിസി. ചെന്നൈ, ബംഗളൂരു, കോയമ്പത്തൂർ, മധുര എന്നിവിടങ്ങളിലേക്കാണ് സർവീസ്. ഏപ്രിൽ, മെയ് മാസങ്ങളിൽ എല്ലാ ദിവസവുമുണ്ടാകും. തിരുവനന്തപുരത്തുനിന്ന് ബംഗളൂരുവിലേക്ക് രണ്ട് സർവീസ് നാഗർകോവിൽ, മധുര, സേലം വഴിയുണ്ടാകും. തിരുവനന്തപുരത്തുനിന്നുള്ള രണ്ട് ചെന്നൈ സർവീസും നാഗർകോവിൽ, മധുര വഴിയാണ്. എറണാകുളത്തുനിന്ന് ചെന്നൈയിലേക്ക് രണ്ടും പയ്യന്നൂരിൽനിന്ന് ബംഗളൂരുവിലേക്ക് ഒരു സർവീസും അധികമായി നടത്തും. ഇതിനുപുറമേ സ്കാനിയ, വോൾവോ, സ്വിഫ്റ്റ് ബസുകളുടെ സ്ഥിര സർവീസുകളുമുണ്ടാകും.
കോഴിക്കോട്ടുനിന്ന് ബംഗളൂരുവിലേക്ക് ബത്തേരി, മാനന്തവാടി, കുട്ട വഴി ഒമ്പത് ഡീലക്സ് ബസുണ്ടാകും. തൃശൂരിൽ നിന്ന് ബംഗളൂരുവിലേക്ക് രണ്ട് ഡീലക്സ് ബസുണ്ട്. ഇവ കോയമ്പത്തൂർ, സേലം വഴിയാകും. എറണാകുളത്തു നിന്ന് ബംഗളൂരുവിലേക്ക് കോയമ്പത്തൂർ, സേലം വഴി എട്ട് സർവീസുണ്ടാകും. കോട്ടയത്തു നിന്ന് ബംഗളൂരുവിലേക്ക് നാല് സർവീസാണ് അധികം. ഇവ കോയമ്പത്തൂർ, സേലം വഴിയാകും. കണ്ണൂരിൽനിന്ന് ബംഗളൂരുവിലേക്ക് മൈസൂരുവഴി രണ്ടെണ്ണമുണ്ടാകും.