റിയാദ്: ഹൃദയാഘാതം മൂലം ആലപ്പുഴ സ്വദേശി പടിഞ്ഞാറൻ ത്വാഇഫിൽ നിര്യാതനായി. കായകുളം പുതുപ്പള്ളി ശ്രീനിലയത്തിൽ ശ്രീകുമാർ ശ്രീനിവാസൻ (54) ആണ് ബുധനാഴ്ച മരിച്ചത്. താമസിക്കുന്ന സ്ഥലത്ത് വെച്ച് ദേഹാസ്വാസ്ഥ്യമുണ്ടായ ശ്രീകുമാറിനെ സഹപ്രവർത്തകരും സ്നേഹിതരും ത്വാഇഫ് കിങ് അബ്ദുൽ അസീസ് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
റിയാദിൽ ജോലി ചെയ്യുകയായിരുന്ന ശ്രീകുമാർ മൂന്നു വർഷം മുമ്പാണ് ത്വാഇഫിൽ എത്തിയത്. പുതുപ്പള്ളി ശ്രീനിലയത്തിൽ ശ്രീനിവാസന്റെയും ജഗദമ്മയുടെയും മകനാണ്. ഭാര്യ – രാജി ഈയിടെ സന്ദർശന വിസയിൽ ത്വാഇഫിൽ എത്തിയിട്ടുണ്ട്. മകൻ – സുബിൻ എസ്. കുമാർ. മറ്റൊരു മകൻ സരൺ എസ്. കുമാർ കഴിഞ്ഞ വർഷം ജൂണിൽ ഒരു വാഹനാപകടത്തിൽ മരിച്ചിരുന്നു.
ത്വാഇഫ് കിങ് അബ്ദുൽ അസീസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിൽ കൊണ്ടുപോയി സംസ്കരിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. നടപടികൾ പൂർത്തിയാക്കാൻ ശ്രീകുമാറിന്റെ സഹപ്രവർത്തകരായ അമൽ, ഷാരോൺ, കോൺസുലേറ്റ് വെൽഫയർ അംഗം പന്തളം ഷാജി എന്നിവരും മറ്റു സാമൂഹിക, സന്നദ്ധ പ്രവർത്തകരും രംഗത്തുണ്ട്.