കാർ വൈദ്യുതി തൂൺ തകർത്ത് നിയന്ത്രണം തെറ്റി കടയിലേക്ക് ഇടിച്ചു കയറി

ഹരിപ്പാട് : മദ്യപിച്ച് അമിതവേഗതയിൽ ഓടിച്ച കാർ വൈദ്യുതി തൂൺ തകർത്ത ശേഷം നിയന്ത്രണം തെറ്റി കടയിലേക്ക് ഇടിച്ചു കയറി. കഴിഞ്ഞദിവസം രാത്രി 9.45 ഓടെ പല്ലന കെ.വി.ജട്ടി ജങ്ഷനിലുളള മസ്ജിദിന് മുന്നിലായിരുന്നു അപകടം നടന്നിരിക്കുന്നത്. തോട്ടപ്പള്ളിയിൽ നിന്നും തുക്കുന്നപ്പുഴയിലേക്ക് വരികയായിരുന്ന കാർ ആദ്യം ഇടതു വശത്തെ വൈദ്യുതി പോസ്റ്റിൽ ഇടിക്കുകയും പിന്നീട് നിയന്ത്രണം തെറ്റി എതിർദിശയിലേക്ക് തിരിഞ്ഞ് ഇടതുവശത്തെ കടയുടെ ഉള്ളിലേക്ക് ഇടിച്ച് കയറുകയായിരുന്നു ഉണ്ടായത്.

പാനൂർ പല്ലന കൊളഞ്ഞിത്തറയിൽ ഷൗക്കത്തലിയുടെ ഫ്രോസ് വെൽ ഫുഡ് കടക്ക് സാരമായ തകരാറുണ്ടായി. മുൻഭാഗം പൂർണമായും തകർന്നു.രണ്ടര ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.. ഇടിയുടെ ആഘാതത്തിൽ 11 കെ.വി ലൈൻ കടന്നു പോകുന്ന വൈദ്യുതി പോസ്റ്റ് ചുവടു വെച്ച് രണ്ടായി ഒടിഞ്ഞ് റോഡിന് കുറുകെ വീണു. ശബ്ദം കേട്ട് തൊട്ടടുത്ത പള്ളിയിൽ ഉണ്ടായിരുന്നവരുടേയും സമീപവാസികളുടേയും സമയോചിതമായ ഇടപെടൽ മൂലം അപകടങ്ങൾ ഒഴിവായി. ഇടിയുടെ ആഘാതത്തിൽ കാറിൻ്റെ മുൻഭാഗം പൂർണമായും തകർന്നു. തൃക്കുന്നപ്പുഴ എസ്.എൻ.നഗറിൽ കപിൽ വില്ലയിൽ കപിലിനെതിരെ (27) മദ്യപിച്ച് വാഹനമോടിച്ചതിന് തൃക്കുന്നപ്പുഴ പോലീസ് കേസെടുത്തു.ഇയാൾ തോട്ടപ്പള്ളി മുതൽ അപകടകമായ തരത്തിലാണ് വാഹനമോടിച്ച് വന്നതെന്ന് ദൃസാക്ഷികൾ പറഞ്ഞു. തലനാരിഴക്കാണ് പലരും രക്ഷപെട്ടത്. വൈദ്യുതി പോസ്റ്റ് വീണതിനെ തുടർന്ന് രണ്ടര മണിക്കൂറോളം തീരദേശ റോഡിൽ ഗതാഗതം മുടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *