ചാറ്റ് ജിപിടിക്കെതിരെ ലോകത്തിലെ ആദ്യത്തെ മാനനഷ്ടക്കേസ് ഫയൽ ചെയ്ത് ഓസ്ട്രേലിയ

ചാറ്റ് ജിപിടിക്കെതിരെ ലോകത്തിലെ ആദ്യത്തെ മാനനഷ്ടക്കേസ് ഫയൽ ചെയ്യാനൊരുങ്ങി ആസ്ട്രേലിയയിലെ ഹെപ്ബേൺ മേയർ ബ്രയാൻ ഹുഡ് രംഗത്ത്. ഓപ്പൺ എഐയുടെ ആർട്ടിഫിഷ്യൽ ഇന്റ്ലിജൻസ് അധിഷ്ഠിത ചാറ്റ്ബോട്ടാണ് ചാറ്റ്ജിപിടി. മേയർക്കെതിരെ നടത്തിയ തെറ്റായ അവകാശവാദങ്ങൾ തിരുത്തണമെന്നും അല്ലാത്ത പക്ഷം ഓപൺ എഐ-ക്കെതിരെ കോടതി കയറുമെന്നുമാണ് മേയർ വ്യക്തമാക്കി.

കൈക്കൂലി കേസിൽ മേയർ ജയിൽ വാസം അനുഭവിച്ചിട്ടുണ്ടെന്നായിരുന്നു ചാറ്റ്ജിപിടിയുടെ വാദം. ഹെപ്‌ബേൺ ഷയറിന്റെ മേയറായി ബ്രയാൻ ഹുഡ് തിരഞ്ഞെടുക്കപ്പെട്ടത് ഇക്കഴിഞ്ഞ നവംബറിലാണ്. 2000-ത്തിന്റെ തുടക്ക സമയത്ത് റിസർവ് ബാങ്ക് ഓഫ് ആസ്‌ട്രേലിയയുടെ അനുബന്ധ സ്ഥാപനം ഉൾപ്പെട്ട ഒരു വിദേശ കൈക്കൂലി അഴിമതി കേസിൽ ബ്രയാൻ ഹുഡിനെ പ്രതിചേർത്തുവെന്നും അദ്ദേഹം ജയിൽ വാസമനുഭവിച്ചുമെന്ന തെറ്റായ വാദമാണ് ചാറ്റ് ജിപിടി പങ്കുവെച്ചിരിക്കുന്നത്. ചില ജനപ്രതിനിധികളാണ് ഇക്കാര്യം മേയറുടെ ശ്രദ്ധയിൽപ്പെടുത്തിയത്. അങ്ങനെയാണ് നിയമനടപടി സ്വീകരിക്കാന‍്‍ മേയർ തയ്യാറായതും. നോട്ട് പ്രിന്റിങ് ആസ്‌ട്രേലിയയുടെ സഹസ്ഥാപനത്തിന് വേണ്ടി ഹുഡ് ജോലി ചെയ്തിരുന്നു. കറൻസി പ്രിന്റിങ് കരാറുകൾ നേടുന്നത് സംബന്ധിച്ച് വിദേശ ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകുന്നതിനെക്കുറിച്ച് അധികാരികളെ അറിയിച്ചത് ഹുഡായിരുന്നു. അദ്ദേഹത്തിനെതിരെ ആരോപിക്കും പോലെ കുറ്റങ്ങൾ ഒന്നും ചുമത്തപ്പെട്ടിട്ടില്ല എന്ന് മേയറുടെ അഭിഭാഷകൻ പറഞ്ഞു.

മേയർക്ക് അപമാനം സൃഷ്ടിക്കുന്ന തരത്തിൽ തെറ്റായ ഉള്ളടക്കം പ്രസിദ്ധീകരിച്ചു എന്നത് ചൂണ്ടിക്കാട്ടി ചാറ്റ്ജിപിടിയുടെ ഉടമകളായ ഓപ്പണ് എ ഐക്കെതിരെ മാനനഷ്ടകേസ് നൽകുമെന്നാണ് മേയർ പറയുന്നത്. മാർച്ച് 21ന് ഓപ്പൺഎഐക്ക് തങ്ങളുടെ ആശങ്കയറിയിച്ച് കൊണ്ട് ഒരു കത്ത് അയച്ചിരുന്നതായി അഭിഭാഷകർ പറഞ്ഞു. മേയറെ സംബന്ധിച്ച് ചാറ്റ്ജിപിടി നടത്തിയ അവകാശവാദം പരിഹരിക്കാൻ ഓപ്പൺഎഐക്ക് 28 ദിവസത്തെ സമയം നൽകിയിരിക്കുകയാണ്. അല്ലെങ്കിൽ മാനനഷ്ടക്കേസ് നേരിടാൻ തയ്യാറാകണമെന്നും കത്തിലുണ്ട്. സാൻ ഫ്രാൻസിസ്കോ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഓപ്പൺഎഐ ഇതുവരെ ഹുഡിന്റെ കത്തിനോട് പ്രതികരിച്ചിട്ടില്ല. ഈ കേസ് ഫയൽ ചെയ്താൽ ഉള്ളടക്കത്തിന്റെ പേരിൽ ചാറ്റ്ജിപിടി നേരിടുന്ന ആദ്യത്തെ മാനനഷ്ട കേസായി മാറുമിത്.

Leave a Reply

Your email address will not be published. Required fields are marked *