പൊതുവഴിയും പൊതുകിണറും നശിപ്പിച്ച് സാമൂഹ്യവിരുദ്ധർ

കുട്ടനാട്: സാമൂഹ്യവിരുദ്ധർ ഇരുളിന്റെ മറവിൽ പൊതുവഴിയും പൊതുകിണറും നശിപ്പിച്ചതായി പരാതി. പുളിങ്കുന്ന് ഗ്രാമ പഞ്ചായത്ത് പതിമ്മൂന്നാം വാർഡിൽ മങ്കൊമ്പ് മിനി സിവിൽ സ്റ്റേഷൻ പാലത്തിനു സമീപമാണ് സംഭവം നടന്നിരിക്കുന്നത്.

വികാസ് മാർഗ് റോഡിൽ നിന്ന് മുപ്പതിൽ മുട്ട് വരെയുള്ള പൊതുവഴി തുടങ്ങുന്ന സ്ഥലത്ത് ഒരു പൊതുകിണർ സ്ഥാപിച്ച് അതിൽ നിന്നുള്ള വെള്ളം മോട്ടോർ ഉപയോഗിച്ച് പമ്പ് ചെയ്തെടുത്താണ് ഇരുപതോളം കുടുംബങ്ങൾ പാചക ആവശ്യങ്ങൾക്കടക്കം കഴിഞ്ഞ പത്ത് വർഷമായി ഉപയോഗിച്ചു കൊണ്ടിരുന്നത്. ഈ കുടുംബങ്ങൾ ചേർന്ന് കഴിഞ്ഞ നാലാം തീയതി ഈ കിണറും അനുബന്ധ പൈപ്പ് ലൈനുകൾ പുനരുദ്ധരിക്കുകയും പൊതുവഴി പൂർവ്വ സ്ഥിതിയിലാക്കുകയും ചെയ്തു. എന്നാൽ അന്നുരാത്രിയിൽ ഈ വഴിയുടെ ഉപഭോക്താക്കൾകൂടിയായ ചിലർ വഴിയിലിട്ട മണ്ണ് വെട്ടി മാറ്റുകയും കിണർ മലിനമാക്കുകയും ചെയ്യുകയുണ്ടായി.

ഒരു സ്ത്രീയും പുരുഷനും ചേർന്നു മണ്ണ് വെട്ടി മാറ്റുന്ന ദൃശ്യങ്ങൾ റോഡരികിൽ പാർക്ക് ചെയ്തിരുന്ന കാറിലെ സി സി ടി വി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. ഇവർക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പൊതുകിണറിന്റെയും വഴിയുടെയും ഉപഭോക്താക്കൾ പുളിങ്കുന്ന് പോലീസിൽ പരാതി നൽകിയിട്ടുണ്ട്.

 

Leave a Reply

Your email address will not be published. Required fields are marked *