ചെന്നൈ: തമിഴ്നാട് മധുര തിരുമംഗലത്ത് മിഠായി മോഷ്ടിച്ചുവെന്നാരോപിച്ച് ദളിത് വിദ്യാർത്ഥികളെ കെട്ടിയിട്ടു. ഒൻപതാം ക്ലാസ് വിദ്യാർത്ഥികളെയാണ് കെട്ടിയിട്ടത്. കടയുടമയും ബന്ധുക്കളും ചേർന്നാണ് വിദ്യാർത്ഥികളെ കെട്ടിയിട്ടിരിക്കുന്നത്. കാരക്കേനി സ്വദേശികളായ രണ്ട് ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളാണ് പീഡനത്തിന് ഇരയായത്. രണ്ടാഴ്ച മുമ്പാണ് സംഭവം നടന്നതെങ്കിലും ദളിത് സംഘടനകൾ പ്രശ്നത്തിൽ ഇടപ്പെട്ടതിന് ശേഷമാണ് കുറ്റകൃത്യത്തിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നിരിക്കുന്നത്.
കഴിഞ്ഞ മാസം 21നാണ് സംഭവം നടന്നത്. തിരുമംഗലത്തിന് അടുത്ത് ആലംപട്ടി ഗവൺമെന്‍റ് ഹയർ സെക്കന്‍ററി സ്കൂളിലെ രണ്ട് ഒമ്പതാം ക്ലാസ് വിദ്യാർത്ഥികൾ സന്തോഷ് എന്നയാളുടെ കടയിൽ പലഹാരങ്ങൾ വാങ്ങാനെത്തി. സ്കൂളിന് സമീപം തന്നെയുള്ള ആദി ദ്രാവിഡർ വെൽഫെയർ ഹോസ്റ്റലിലെ അന്തേവാസികളാണ് കുട്ടികൾ. കടയിൽ നിന്ന് മിഠായി മോഷ്ടിച്ചുവെന്നാരോപിച്ച് ഉടമ സന്തോഷും ബന്ധുക്കളും ചേർന്ന് കുട്ടികളെ രണ്ട് തൂണുകളിലായി കെട്ടിയിട്ടു. മോഷണമാരോപിച്ച് കുട്ടികളെ മർദ്ദിക്കുകയും ചെയ്തു.
വിവരമറിഞ്ഞ് ഹോസ്റ്റൽ വാർഡൻ വിജയൻ എത്തി കുട്ടികളെ കൂട്ടിക്കൊണ്ട് പോവുകയായിരുന്നു. തുടർന്ന് വാർഡൻ അറിയിച്ചതനുസരിച്ച് കുട്ടികളിൽ ഒരാളുടെ ബന്ധു ഹോസ്റ്റലിൽ എത്തി രണ്ട് കുട്ടികളേയും സ്വദേശമായ കാരക്കേനിയിലേക്ക് കൂട്ടിക്കൊണ്ടുപോയി. തിരുമംഗലം വില്ലേജ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുടെ പരാതിയിൽ സന്തോഷിനും കുടുംബത്തിനുമെതിരെ കുട്ടികൾക്കെതിരായ അതിക്രമത്തിന് കേസെടുത്തു. എന്നാൽ അറസ്റ്റ് ഉണ്ടായില്ല. തുടർന്നാണ് തമിഴ്നാട് അയിത്തോച്ചാടന മുന്നണിയടക്കം സാമൂഹിക സംഘടനകൾ പ്രശ്നത്തിൽ ഇടപെട്ടതും അതിക്രമത്തിന്‍റെ വീഡിയോ പുറത്തുവരുന്നതും.
സംഭവത്തിൽ പട്ടികജാതി പട്ടികവർഗ പീഡന നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന് അയിത്തോച്ചാടന മുന്നണി സംസ്ഥാന പ്രസിഡന്‍റ് ടി ചെല്ലക്കണ്ണ് ആവശ്യപ്പെട്ടു. പൊലീസ് മൊഴിയെടുക്കാതിരിക്കാനാണ് ഹോസ്റ്റൽ വാർഡൻ തിടുക്കത്തിൽ കുട്ടികളെ വീട്ടിലേക്ക് അയച്ചതെന്നും പരാതിയുണ്ട്. ഇയാൾക്കെതിരെയും കേസെടുക്കണമെന്നും കുട്ടികൾക്ക് കൗൺസിലിംഗ് നൽകി പഠനം തുടരാനുള്ള സാഹചര്യം ഒരുക്കണമെന്നും പ്രശ്നത്തിൽ ഇടപെട്ട ദളിത് സാമൂഹിക സംഘടനകൾ സംയുക്തമായി ആവശ്യപ്പെട്ടു.