ഗാന്ധിനഗർ: പ്രസവശേഷം ബക്കറ്റിൽ ഉപേക്ഷിച്ച നവജാത ശിശുവിന്റെ ആരോഗ്യനിലയിൽ പുരോഗതി. ട്യൂബ് വഴി മുലപ്പാൽ നൽകുന്നത് കുട്ടി കുടിക്കാൻ ആരംഭിച്ചതായി മെഡിക്കൽ കോളജ് കുട്ടികളുടെ ആശുപത്രി സൂപ്രണ്ട് ഡോ. കെ.പി. ജയപ്രകാശ് പറഞ്ഞു.
കഴിഞ്ഞദിവസം തീവ്രപരിചരണ വിഭാഗത്തിൽ ഓക്സിജന്റെ സഹായത്തോടെയാണ് കുഞ്ഞിന്റെ ജീവൻ നിലനിർത്തിയിരുന്നത്. ആറന്മുള കോട്ട സ്വദേശിനിയാണ് വീട്ടിൽവെച്ച് പ്രസവിച്ചശേഷം ശിശുവിനെ ശുചിമുറിയിലെ ബക്കറ്റിൽ ഇട്ടത്. തുടർന്ന്, യുവതിയെ അമിത രക്തസ്രാവം ഉണ്ടായതിനെത്തുടർന്ന് ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ചൊവ്വാഴ്ച രാവിലെ എട്ടിനാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിൽ പ്രവേശിപ്പിച്ചശേഷം യുവതി ഡോക്ടർമാരോട് പറഞ്ഞത് പ്രസവശേഷം കുഞ്ഞ് മരണപ്പെട്ടതിനെത്തുടർന്ന് കുഴിച്ചിട്ടെന്നായിരുന്നു. എന്നാൽ, കൂടെയുണ്ടായിരുന്ന മൂത്ത മകൻ പറഞ്ഞത് ശുചിമുറിയിലെ ബക്കറ്റിൽ ഉണ്ടെന്നായിരുന്നു. ഉടൻ ആശുപത്രി അധികൃതർ പൊലീസിലും ചൈൽഡ് വെൽഫെയർ കമ്മിറ്റി അധികൃതരെയും വിവരമറിയിക്കുകയായിരുന്നു.