സുല്‍ത്താന്‍ബത്തേരി: പുല്‍പ്പള്ളി ചീയമ്പം 73 കാപ്പിത്തോട്ടത്തില്‍ കരടിയെ ചത്ത നിലയില്‍ കണ്ടെത്തി. ബുധനാഴ്ച വൈകിട്ട് നാലരയോടെയാണ് കരടിയെ ചത്ത നിലയില്‍ കണ്ടെത്തിയത്. പന്ത്രണ്ട് വയസ് പ്രായം തോന്നിക്കുന്ന കരടിയാണ് ചത്തിരിക്കുന്നത്. വനപാലകര്‍ സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചുവരികയാണ്. ആഴ്ചകളായി പ്രദേശത്ത് കരടിയുടെ ശല്യമുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.
ദിവസങ്ങള്‍ക്ക് മുമ്പ് ചീയമ്പം, കോളിമൂല തുടങ്ങിയ പ്രദേശങ്ങളില്‍ കരടിയെ നിരവധി പേര്‍ കണ്ടിരുന്നുഇതോടെ പ്രദേശവാസികള്‍ ഭീതിയിലായിരുന്നു. ഇതിനിനിടയിലാണ് ഇപ്പോള്‍ കരടിയെ ചത്ത നിലയില്‍ കണ്ടെത്തിയിരിക്കുന്നത്. പൂതാടി, പുല്‍പ്പള്ളി ഗ്രാമപഞ്ചായത്തുകളില്‍ ഉള്‍പ്പെടുന്ന പ്രദേശമാണ് ചീയമ്പം 73. പൂതാടി ഗ്രാമപഞ്ചായത്തിന്റെ വിവിധ മേഖലകളില്‍ നേരത്തെ തന്നെ കരടിയുടെ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു. വാകേരി, പാലക്കുറ്റി, ഗാന്ധിനഗര്‍, ചേമ്പുംകൊല്ലി പ്രദേശങ്ങളില്‍ കരടിയുടെ സാന്നിധ്യം നാട്ടുകാര്‍ അറിയിച്ചിരുന്നു.
ഇവിടങ്ങളില്‍ ചില വീടുകളുടെ മുറ്റത്തും മറ്റും രാത്രി സമയത്ത് കരടിയെ നാട്ടുകാര്‍ കണ്ടിരുന്നു. തേന്‍ പോലെ കരടിയുടെ ഇഷ്ടഭക്ഷണം പ്രദേശങ്ങളില്‍ ഉള്ളതായിരിക്കാം ഇത് ദിവസങ്ങളോളം ഇവിടെ തങ്ങാന്‍ കാരണമെന്നാണ് ചിലരുടെ അഭിപ്രായം. ഏതായാലും സംഭവത്തില്‍ വനംവകുപ്പ് വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. വരുംദിവസങ്ങളില്‍ കൂടുതല്‍ അന്വേഷണം നടത്തിയേക്കും.