ഒരു മാസത്തെ ഇടവേളയ്ക്കുശേഷം കൊടികുത്തിമല വിനോദസഞ്ചാരകേന്ദ്രം ശനിയാഴ്ച മുതൽ സഞ്ചാരികള്‍ക്കായി തുറന്നുകൊടുത്തു. കാട്ടുതീ പടരുന്ന സാഹചര്യത്തില്‍ മാർച്ച് ഒന്ന് മുതലാണ് മുന്‍കരുതലിന്റെ ഭാഗമായി വിനോദസഞ്ചാര കേന്ദ്രം അടച്ചിട്ടത്. കേന്ദ്രം തുറന്ന ആദ്യ ദിവസമായ ശനിയാഴ്ച വളരെ കുറച്ച് സഞ്ചാരികള്‍ മാത്രമാണ് എത്തിയത്. മലപ്പുറത്തിന്റെ ഊട്ടിയെന്നാണ് കൊടികുത്തിമല അറിയപ്പെടുന്നത്. ഈ മേഖലയിലെ ഏറ്റവും മനോഹരമായ ഹില്‍സ്റ്റേഷനുകളിലൊന്നാണാണിത്. വരുംദിവസങ്ങളില്‍ കൂടുതല്‍ സഞ്ചാരികള്‍ കൊടികുത്തിമലയുടെ പ്രകൃതിസൗന്ദര്യവും കുളിരും നുകരാന്‍ എത്തുമെന്നാണ് നിഗമനം. സഞ്ചാരികൾക്കായി മലമുകളില്‍ മനോഹരമാക്കിയ നിരീക്ഷണഗോപുരം, വിശ്രമകേന്ദ്രങ്ങള്‍, ഇരിപ്പിടങ്ങള്‍, ഫോട്ടോ എടുക്കാനുള്ള സൗകര്യങ്ങള്‍ തുടങ്ങിയവ ഒരുക്കിയിട്ടുണ്ട്. രാവിലെ എട്ടുമുതല്‍ വൈകീട്ട് നാലുവരെയാണ് പ്രവേശനം അനുവദിക്കുക. ഒരാള്‍ക്ക് നാല്‍പ്പതു രൂപയാണ് പ്രവേശന ഫീസ്. വൈകീട്ട് ആറുവരെയാണ് വിനോദസഞ്ചാരകേന്ദ്രത്തില്‍ നില്‍ക്കാനുള്ള അനുമതി. ക്യാമറ ഉപയോഗിക്കുന്നതിനു 100 രൂപ ഫീസ് അടയ്ക്കണം. പ്ലാസ്റ്റിക് നിരോധനമുള്ളതിനാല്‍ പ്ലാസ്റ്റിക് കുപ്പികളില്‍ കുടിവെള്ളവുമായി പോകുന്നവര്‍ 100 രൂപ പ്രവേശന കവാടത്തില്‍ നല്‍കണം. തിരിച്ചിറങ്ങുമ്പോള്‍ കുപ്പികള്‍ തിരിച്ചേല്‍പ്പിച്ചാല്‍ പണം തിരിച്ചു നല്‍കുകായും ചെയ്യും.കോഴിക്കോട്-പാലക്കാട് ദേശീയപാതയിലെ അമ്മിനിക്കാടുനിന്ന് ആറുകിലോമീറ്ററാണ് കൊടികുത്തിമലയിലേക്കുള്ള ദൂരം. പെരിന്തല്‍മണ്ണയില്‍ നിന്ന് മേലാറ്റൂര്‍ റോഡില്‍ കാര്യാവട്ടത്തുനിന്ന് വെട്ടത്തൂര്‍ റോഡ് വഴി ആറുകിലോമീറ്റര്‍ യാത്ര ചെയ്താല്‍ തേലക്കാട്ടെത്തും. തേലക്കാട്ടുനിന്ന് പോബ്സണ്‍ എസ്റ്റേറ്റിനുള്ളിലൂടെയും മലയിലേക്കു റോഡുണ്ട്. ദൂരം ആറുകിലോമീറ്റര്‍.കരിങ്കല്ലത്താണി റോഡിലെ മാട്ടറക്കലില്‍ നിന്ന് അഞ്ചു കിലോമീറ്റര്‍ സഞ്ചരിച്ചാലും മലമുകളിലെത്താം.
You are Here
- Home
- കൊടുകുത്തിമല സഞ്ചാരികള്‍ക്കായി തുറന്നു