കോഴിക്കോട്: കൊടുവള്ളിയിലെ പഴക്കടയില്‍ നിന്ന് ഏഴായിരം രൂപ വിലയുള്ള ബാറ്ററിയും 10 കിലോയിലധികം പഴങ്ങളും കവര്‍ന്ന രണ്ടംഗ സംഘത്തിലെ ഒരാളെ കൊടുവള്ളി പൊലിസ് പിടികൂടി. കൊടുവള്ളി കിഴക്കോത്ത് റോഡ് ജംഗ്ഷനിലെ പഴക്കടയില്‍ മോഷണം നടത്തിയ കൊടുവള്ളി ചുണ്ടപ്പുറം സ്വദേശി യൂസഫാ(24)ണ് പിടിയിലാഇരിക്കുന്നത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്.
കൊടുവള്ളി ബസ് സ്റ്റാന്‍ഡ് പരിസരത്ത് നിന്നാണ് യൂസഫിനെ കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിക്കുകയും കൂട്ടാളിയായ മോഷ്ടാവിനെ കുറിച്ച് അന്വേഷണ സംഘത്തിന് മൊഴി നല്‍കുകയും ചെയ്തു. കൂട്ടുപ്രതി എളേറ്റില്‍ വട്ടോളി സ്വദേശിയെ എത്രയും വേഗം പിടികൂടാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കൊടുവള്ളി ഇന്‍സ്പെക്ടര്‍ പി ചന്ദ്രമോഹന്‍ പറഞ്ഞു.
പിടിയിലായ യൂസഫ് ബൈക്ക് മോഷണം, പിടിച്ചുപറി, കഞ്ചാവ് കേസ് ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയാണെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചിട്ടുണ്ട്. കൊടുവള്ളി ഇന്‍സ്പെക്ടര്‍ പി ചന്ദ്രമോഹന്റെ നിര്‍ദേശ പ്രകാരം എസ് ഐമാരായ അനൂപ് അരീക്കര, പ്രകാശന്‍, സീനിയര്‍ സിവില്‍ പോലീസ് ഉദ്യോഗസ്ഥരായ ശ്രീജിത്ത്, ജയരാജന്‍, ബിനേഷ്, സിവില്‍ പൊലീസ് ഉദ്യോഗസ്ഥനായ ഷെഫീഖ് നീലിയാനിക്കല്‍ എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. താമരശ്ശേരി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.