ഗോസംരക്ഷകനെന്ന് അവകാശപ്പെട്ട് മുസ്ലിം വ്യാപാരിയെ മർദ്ദിച്ച് കൊന്ന സംഭവം; പ്രതി അറസ്റ്റിൽ

ബെംഗളുരു: ഗോസംരക്ഷകനെന്ന് അവകാശപ്പെട്ട് മുസ്ലിം വ്യാപാരിയെ മർദ്ദിച്ച് കൊന്ന കേസിലെ പ്രതിയായ പുനീത് കെരെഹള്ളിയെ പൊലീസ് അറസ്റ്റ് ചെയ്തു. രാജസ്ഥാനിൽ നിന്നാണ് പുനീത് കെരെഹള്ളി പിടിയിലായിരിക്കുന്നത്. ഒളിവിൽ പോയി നാല് ദിവസത്തിന് ശേഷമാണ് അറസ്റ്റ്. എന്നാൽ അതേസമയം, പുനീത് നിരവധി ബിജെപി നേതാക്കളുടെ കൂടെ നിൽക്കുന്ന ചിത്രങ്ങൾ പുറത്ത് വന്നതോടെ തെരഞ്ഞെടുപ്പ് കാലത്ത് പാർട്ടി പ്രതിരോധത്തിലാവുകയാണ്. അതിനിടെ, പുനീത് കെരെഹള്ളിയുടെ വീഡിയോ സന്ദേശം പുറത്ത് വന്നിരുന്നു. താൻ ഇദ്രിസ് പാഷയെ കൊന്നിട്ടില്ലെന്നും, ജെഡിഎസ്സും കോൺഗ്രസുമാണ് കൊലപാതകത്തിന് പിന്നിലെന്നും പുനീത് കെരെഹള്ളി വീഡിയോയിൽ പറയുന്നുണ്ട്.

ഏപ്രിൽ 1 ന് അർദ്ധരാത്രിയാണ് ഗോസംരക്ഷകനെന്ന് സ്വയം അവകാശപ്പെടുന്ന പുനീത് കെരെഹള്ളിയും സംഘവും ഇദ്രിസ് പാഷയെന്ന കന്നുകാലി വ്യാപാരിയുടെ വണ്ടി രാമനഗരയ്ക്ക് അടുത്ത് സാത്തന്നൂരിൽ വച്ച് തടയുകയും, പരിശോധിക്കുകയും പാഷയെ മർദ്ദിച്ച് അവശനാക്കുകയും ചെയ്തത്. ഈ പരിശോധനയുടെ വീഡിയോ ദൃശ്യങ്ങളും പുനീത് സ്വന്തം ഫേസ്ബുക്ക് പേജിലൂടെ പുറത്ത് വിട്ടിരുന്നു. ഇതിന് പിറ്റേന്ന് രാവിലെയാണ് ഇദ്രിസിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. പുനീതിനെതിരെ ഗുരുതര ആരോപണങ്ങളാണ് ഇദ്രിസിന്‍റെ സുഹൃത്തുക്കൾ ഉന്നയിക്കുന്നത്. ഇതിനിടെയാണ് ഇദ്രിസിന്‍റെ കൊലപാതകത്തിൽ പങ്കില്ലെന്ന് അവകാശപ്പെടുന്ന പുനീത് കെരെഹള്ളിയുടെ ദൃശ്യം പുറത്ത് വരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *