തിരുവനന്തപുരം: രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ രണ്ടാം വാർഷികം ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രചാരണത്തിന്റെ തുടക്കമാക്കാൻ ഇടതുമുന്നണി തീരുമാനം. സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലും ഇതിന്റെ ഭാഗമായി ഇടതുമുന്നണി ബഹുജന റാലികൾ നടത്തും. ഓരോ പരിപാടിയിലും ചുരുങ്ങിയത് 5000 പേരെ പങ്കെടുപ്പിക്കാനാണ് മുന്നണി യോഗത്തിലെ തീരുമാനം. ഏപ്രിൽ മാസം 25 മുതൽ മെയ് 20 വരെയാണ് പരിപാടികൾ നിശ്ചയിച്ചിരിക്കുന്നത്. മെയ് 20 ന് തിരുവനന്തപുരത്തായിരിക്കും പരിപാടികളുടെ ഔദ്യോഗിക സമാപനം. പരിപാടികളുടെ ഒരുക്കങ്ങൾക്കായി ഈ മാസം 20 മുതൽ ജില്ലാ തലത്തിൽ മുന്നണി നേതാക്കളുടെ യോഗം ചേരും.