നീണ്ട വർഷത്തെ പ്രണയം, വിവാഹത്തിന് വേണ്ടി കൊലക്കേസ് പ്രതിക്ക് 15 ദിവസത്തെ പരോൾ

ബെംഗളൂരു: കൊലക്കേസിൽ ശിക്ഷയനുഭവിക്കുന്ന പ്രതിക്ക് പ്രത്യേക സാഹചര്യം കണക്കിലെടുത്ത് 15 ദിവസത്തെ പരോൾ അനുവദിച്ച് കര്‍ണാടക ഹൈക്കോടതി. പ്രതിയുടെ കാമുകിയും അമ്മയും നൽകിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ അനുകൂല വിധി ലഭിച്ചിരിക്കുന്നത്. പരോൾ നൽകാൻ പ്രൊവിഷൻ ഇല്ലെന്ന് പ്രോസിക്യൂഷൻ അറിയിച്ചെങ്കിലും പ്രത്യേക കേസായി പരിഗണിച്ചായിരുന്നു കോടതിയുടെ വിധി. ഏപ്രിൽ 5 മുതൽ ഏപ്രിൽ 20 വരെയാണ് പരോൾ അനുവദിച്ചിരിക്കുന്നത്. കുറ്റവാളിയെ ജയിലിൽ തിരിച്ചെത്തിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നു കോടതി വ്യക്തമാക്കി.

ശിക്ഷിക്കപ്പെട്ട ആനന്ദും കഴിഞ്ഞ ഒമ്പത് വര്‍ഷമായി 30-കാരിയായ നീതയും തമ്മിൽ പ്രണയത്തിലാണ്. ആനന്ദിനെ കൊലക്കേസിൽ ആദ്യം ജീവപര്യന്തം ശിക്ഷിക്കപ്പെടുകയും പിന്നീട് പത്ത് വര്‍ഷമായി ശിക്ഷ കുറയ്ക്കുകയും ചെയ്തിരുന്നു. നിലവിൽ ആറ് വര്‍ഷത്തെ ശിക്ഷ ആനന്ദ് പൂര്‍ത്തിയാക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് കാമുകിയും ആനന്ദിന്റെ അമ്മയും ജയിൽ അധികൃതരെ സമീപിക്കുന്നത്. എന്നാൽ വിവാഹം കഴിക്കാൻ പരോൾ നൽകാൻ സാധിക്കില്ലെന്ന് ജയിൽ അധികൃതര്‍ നിലപാടെടുത്തതോടെ ഇരുവരും ഹൈക്കോടതിയെ സമീപിക്കുകയുണ്ടായി.

ഹൈക്കോടതിയിൽ കേസ് പരിഗണിച്ചപ്പോഴും പ്രോസിക്യൂഷൻ പരോൾ നൽകുന്നതിനെ എതിര്‍ത്തു. എന്നാൽ തനിക്ക് പ്രായമായെന്നും, മക്കൾ രണ്ടുപേരും ജയിലിലാണെന്നും കൂട്ടിന് ആരുമില്ലെന്നും നീതയുമായുള്ള ആനന്ദിന്റെ വിവാഹം കഴിഞ്ഞാൽ തനിക്കൊരു കൂട്ടാകുമെന്നും അമ്മ വാദിച്ചു. തനിക്ക് മറ്റൊരു വിവാഹം വീട്ടിൽ ആലോചിക്കുന്നുണ്ടെന്നും ഇനിയും വൈകിയാൽ തനിക്ക് ഇഷ്ടമല്ലാത്ത ഒരാളെ വിവാഹം ചെയ്യേണ്ടി വരുമെന്ന് കാമുകിയും കോടതിയിൽ അറിയിച്ചു. ഇത് പരിഗണിച്ച കോടതി നേരത്തെയുള്ള ചില ഹൈക്കോടതി വിധികൾ കൂടി പരിഗണിച്ചാണ് പരോൾ അനുവദിച്ചത്.

2021-ലെ രാജസ്ഥാൻ ഹൈക്കോടതിയുടെ വിധിയിൽ 10 വർഷം തടവ് അനുഭവിച്ച പ്രതിക്ക് വിവാഹിതനാകാൻ പരോൾ അനുവദിച്ചിരുന്നു. സമാനമായ 2017-ലെ ബോംബെ ഹൈക്കോടതി വിധിയും കർണാടക ഹൈക്കോടതി കോർഡിനേറ്റ് ബെഞ്ചിന്റെ നിരീക്ഷണങ്ങളും അടിസ്ഥാനമാക്കിയാണ് കോടതി ഹര്‍ജി തീര്‍പ്പാക്കിയത്. അതേസമയം പരോൾ അനവദിക്കുമ്പോൾ പാലിക്കേണ്ട കര്‍ശന ഉപാധികൾ പാലിക്കണമെന്നും, പരോൾ കാലയളവിൽ മറ്റ് കുറ്റകൃത്യങ്ങളിൽ ഏര്‍പ്പെടരുതെന്നും തിരികെ ജയിലിൽ എത്തിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *