എയര്‍ലൈന്‍ ജീവനക്കാരനായ കാമുകനെ കൊലപ്പെടുത്തിയ ലൈംഗിക തൊഴിലാളിയായ കാമുകി അറസ്റ്റില്‍

ചെന്നൈ: പുതുക്കോട്ടയില്‍ സ്വകാര്യ എയര്‍ലൈന്‍ ജീവനക്കാരനായ കാമുകനെ കൊലപ്പെടുത്തിയ കേസില്‍ കാമുകി അറസ്റ്റില്‍. 38കാരിയായ ഭാഗ്യലക്ഷ്മിയാണ് അറസ്റ്റിലായിരിക്കുന്നത്. ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ തായ് എയര്‍വേസിന്റെ ഗ്രൗണ്ട് ജീവനക്കാരനാണ് കൊല്ലപ്പെട്ട ജയന്തന്‍. 29കാരനായ എം ജയന്തനെ കൊലപ്പെടുത്തി, മൃതദേഹം കഷണങ്ങളാക്കി 400 കിലോമീറ്റര്‍ അകലെ ചെന്നൈയ്ക്ക് സമീപത്തെ കോവളം കടല്‍തീരത്ത് കൊണ്ടിടുകയായിരുന്നെന്ന് പൊലീസ് വ്യക്തമാക്കി.

മാര്‍ച്ച് 18 സ്വദേശമായ വിഴുപുരത്തേക്ക് പോകുകയാണെന്ന് ജയന്തന്‍ അഭിഭാഷക കൂടിയായ സഹോദരി ജയകൃപയോട് പറഞ്ഞിരുന്നു. എന്നാല്‍ ജയന്തന്‍ വിഴുപുരത്ത് എത്തിയില്ല. ഫോണിലും ബന്ധപ്പെടാന്‍ സാധിക്കാതെ വന്നതോടെ, ജയകൃപ മാര്‍ച്ച് 21ന് യുവാവിനെ കാണാതായെന്ന പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് ലൈംഗിക തൊഴിലാളി കൂടിയായ ഭാഗ്യലക്ഷ്മിയില്‍ എത്തിയത്. തുടര്‍ന്ന് ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കുറ്റകൃത്യം സമ്മതിച്ചത്.

സാമ്പത്തിക ഇടപാടിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ എത്തിയതെന്നാണ് കണ്ടെത്തല്‍. ഭാഗ്യലക്ഷ്മിയുടെ പുതുക്കോട്ടെയിലെ വീട്ടില്‍ വച്ചാണ് കൊലപാതകം നടത്തിയത്. പണത്തെച്ചൊല്ലിയുള്ള തര്‍ക്കം ഒത്തുതീര്‍ക്കാമെന്ന് പറഞ്ഞാണ് ജയന്തനെ ഈ വീട്ടിലെത്തിച്ചത്. ഭാഗ്യലക്ഷ്മിയും സുഹൃത്ത് ശങ്കറും മറ്റ് രണ്ടുപേരും ചേര്‍ന്നാണ് കൊല ചെയ്തത്. ശേഷം മൃതദേഹം കഷണങ്ങളാക്കി 400 കിലോ മീറ്റര്‍ അകലെയുള്ള കോവളത്ത് ഉപേക്ഷിക്കുകയായിരുന്നു. മാര്‍ച്ച് 20, 26 തീയതികളിലാണ് മൃതദേഹാവശിഷ്ടങ്ങള്‍ കോവളത്ത് ഉപേക്ഷിച്ചത്. എന്തുകൊണ്ടാണ് രണ്ടു ദിവസങ്ങളിലായി 400 കിലോമീറ്റര്‍ അകലെയുള്ള ഒരേ സ്ഥലത്ത് ശരീരഭാഗങ്ങള്‍ കൊണ്ടുവന്നിട്ടതെന്ന് വ്യക്തമല്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു. മൃതദേഹം പുറത്തെടുത്ത് പരിശോധിക്കുമെന്നും ഉദ്യോഗസ്ഥന്‍ അറിയിച്ചു.

2020 മെയില്‍ തമ്പാരത്ത് വച്ചാണ് ജയന്തനും ഭാഗ്യലക്ഷ്മിയും കണ്ടുമുട്ടിയത്. പിന്നീട് ഇരുവരും പ്രണയത്തിലാവുകയും കുടുംബങ്ങള്‍ അറിയാതെ വിവാഹിതരാവുകയും ചെയ്‌തെന്നാണ് തമിഴ്മാധ്യമങ്ങളിലെ റിപ്പോര്‍ട്ടുകള്‍.

Leave a Reply

Your email address will not be published. Required fields are marked *