തിരുവനന്തപുരം; ബൈപാസിൽ നിയന്ത്രണം വിട്ട് പാഞ്ഞ കാർ ഓടയിലേക്ക് ഇടിച്ചു കയറിയുണ്ടായ അപകടത്തിൽ പരുക്കേറ്റ യുവാവ് മരിച്ചു. അണ്ടൂർക്കോണം റിപ്പബ്ലിക് ലൈബ്രറിക്കു സമീപം റോസ് ഹൗസിൽ അബ്ദുൽ ഷിബിലിയുടെ മകൻ മുഹമ്മദ് ഷിബിൻ (37) ആണ് മരിച്ചത്. ഞായർ രാത്രി 11.15നു ലുലുമാളിനു മുന്നിലായിരുന്നു അപകടം.
പേട്ട പൊലീസ് പറഞ്ഞത്
കാർ ഡ്രൈവർ ഉറങ്ങി പോയതാണ് അപകടത്തിനു കാരണം. കഴക്കൂട്ടം –ചാക്ക ഭാഗത്തേക്ക് വരികയായിരുന്നു കാർ. ലുലുമാളിനു മുന്നിൽവച്ച് നിയന്ത്രണം തെറ്റി ഇടതു വശത്തെ ഓടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു.
ഹോട്ടലിനു മുന്നിൽ കാർ നിർത്തിയിട്ട ശേഷം വാഹനത്തിൽ ചാരി നിന്നു സംസാരിക്കുകയായിരുന്ന ഷിബിൻ, സുഹൃത്ത് എആർ ക്യാംപിലെ സിവിൽ പൊലീസ് ഓഫിസർ നിജാസ്(33) എന്നിവരെ ഇടിച്ചു തെറിപ്പിച്ചു. ഇവരുടെ കാറും തൊട്ടടുത്തുണ്ടായിരുന്ന ബൈക്കുകളും തകർന്നു. ആളുകൾ ഓടി കൂടിയപ്പോഴേക്കും കാർ ഡ്രൈവർ ഓടി രക്ഷപ്പെട്ടു. പരുക്കേറ്റു വീണു കിടന്ന ഇവരെ സുഹൃത്തുക്കളും നാട്ടുകാരും ചേർന്നു സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. ചികിത്സയിൽ ഇരിക്കെ ഇന്നലെ രാവിലെ 8ന് ആണ് ഷിബിൻ മരിച്ചത്. വെന്റിലേറ്ററിൽ കഴിയുന്ന നിജാസിന്റെ പരുക്ക് ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചെന്നും പൊലീസ് പറഞ്ഞു.
അപകട ശേഷം കടന്നുകളഞ്ഞ കാർ ഡ്രൈവർ കവടിയാർ സ്വദേശി എഡ്‌വിൻ ഇന്നലെ പൊലീസ് സ്റ്റേഷനിൽ ഹാജരായി. യാത്രയ്ക്കിടെ ഉറങ്ങിപ്പോയെന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്. 5 പേരുമായി കോട്ടയത്തു നിന്നാണു കാർ യാത്ര തുടങ്ങിയത്. പുനലൂരിലും കഴക്കൂട്ടത്തുമായി 2 പേരെ വീതം ഇറക്കിയ ശേഷം വരുമ്പോഴായിരുന്നു അപകടം. ഷിബിനും നിജാസും ലുലുമാളിന് മുന്നിലെ ഹോട്ടലിന്റെ ഉടമയായ സുഹൃത്തിനെ കാണാൻ എത്തിയതായിരുന്നു. മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾക്കു വിട്ടു നൽകി.