കുലശേഖരം: കന്യാകുമാരി ജില്ലയിലെ കുലശേഖരത്ത് ബൈക്കിലെത്തിയ രണ്ട് പേര്‍ ആസിഡൊഴിച്ച് പൊള്ളിച്ചെന്ന പരാതി കടക്കെണിയിൽ നിന്ന് രക്ഷപ്പെടാൻ യുവതി തയ്യാറാക്കിയ തിരക്കഥയെന്ന് പൊലീസ്. സംഭവത്തിൽ യുവതിയുടെ കാമുകൻ അടക്കം നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്യുകയുണ്ടായി.
കന്യാകുമാരി കുലശേഖരത്തിന് സമീപം ഇക്കഴിഞ്ഞ 31 നാണ് സംഭവം. ജോലി കഴിഞ്ഞ് വീട്ടിലേക്ക് നടക്കവെ ബൈക്കിലെത്തിയ രണ്ടംഗ സംഘം ആസിഡൊഴിച്ചെന്നായിരുന്നു മടത്തൂർകോണം സ്വദേശി ലതയുടെ പരാതി. സ്ത്രീയുടെ നിലവിളിക്കുന്നത് കണ്ട പ്രദേശവാസികളാണ് കുലശേഖരത്ത് സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയുണ്ടായത്. പൊലീസ് പരിശോധനയിൽ പക്ഷെ ലതയുടെ ശരീരത്തിൽ പൊള്ളലോ മറ്റ് മുറിവുകളോ ആസിഡൊഴിച്ചതിന്‍റെ ലക്ഷണമോ ഉണ്ടായിരുന്നില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കള്ളി വെളിച്ചത്തായത്.
35 ലക്ഷത്തോളം രൂപയുടെ കടം ഉണ്ടെന്ന് മനസിലാക്കിയ പൊലീസ് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കാമുകനെ മുൻനിര്‍ത്തി തയ്യാറാക്കിയ തിരക്കഥ പുറത്ത് വരുന്നത്. ആസിഡ് ആക്രമണം നടന്നെന്ന് നാട്ടുകാരെ ബോധ്യപ്പെടുത്തി കടക്കാരിൽ നിന്ന് രക്ഷപ്പെടാനായിരുന്നു തന്ത്രം. കാമുകനും കൂട്ടുനിന്ന സുഹൃത്തുക്കളും അടക്കം നാല് പേരെ റിമാന്റ് ചെയ്തു.